ന്യൂദല്‍ഹി : സൈന്യത്തില്‍ വനിതകള്‍ക്ക് തൊഴില്‍ അവസരം നല്‍കാന്‍ തീരുമാനിച്ചതോടെ അധികൃതരെ ഞെട്ടിച്ച് ഉദ്യോഗാര്‍ത്ഥികള്‍. കോപ്‌സ് ഓഫ് മിലിട്ടറി പോലീസ് (സിഎംപി) വിഭാഗത്തില്‍ അടുത്തിടെ വിജ്ഞാപനം ചെയ്ത 100 ഒഴിവുകളിലേക്ക് രണ്ടു ലക്ഷം വനിതകളാണ് അപേക്ഷ അയച്ചത്. 100 പേര്‍ക്കായുള്ള ഒഴിവിലേക്ക് ഇത്രയധികം അപേക്ഷകര്‍ എത്തിയതോടെ അമ്പരന്ന് ഇരിക്കുകയാണ് സൈനിക വൃത്തങ്ങള്‍.
ഇതുവരെ ഓഫീസര്‍ റാങ്കില്‍ മാത്രമാണ് ഇതുവരെ സൈന്യം സ്ത്രീകളെ നിയമിച്ചിരുന്നത്. സിഎംപിയുടെ ഭാഗമായി വനിതകളെ നിയമിക്കുന്നതോടെ ഇതിന് മാറ്റം വരും. സിഎംപിയുടെ ബെംഗളൂരു കേന്ദ്രത്തിലായിരിക്കും തെരഞ്ഞെടുക്കപ്പെടുന്ന വനിതാ സൈനികര്‍ക്ക് പരിശീലനം.
ജമ്മു കശ്മീരിലെ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന വനിതകളെ നിയന്ത്രിക്കാനും മറ്റുമുള്ള ഡ്യൂട്ടിയില്‍ പരിശീലനത്തിനുശേഷം ഇവരെ നിയോഗിക്കും. പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകളെ നിയന്ത്രിക്കുന്നത് സൈന്യത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. വനിതകളെ നിയമിക്കുന്നതിലൂടെ ഈ പ്രശ്‌നത്തിനും പരിഹാരം കാണാനാകുമെന്നാണ് നിഗമനം. ഇതിനൊപ്പം, പീഡനം, സ്ത്രീകള്‍ക്കെതിരായ അക്രമം എന്നീ കേസുകളിലും വനിതാ സൈനികരുടേയും സേവനം പ്രയോജനപ്പെടുത്താനാകും.
കൂടാതെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ മഹിള പ്രൊവോസ്റ്റ് യൂണിറ്റ് എന്നൊരു പുതിയ വിഭാഗം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ സൈന്യമെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ട് ഓഫrസര്‍മാരും മൂന്നു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാരും 40 സൈനികരും അടങ്ങിയതായിരിക്കും പുതിയ യൂണിറ്റ്.
















