ഭൂഗോളവുമായി ബന്ധപ്പെട്ട മിക്ക ചോദ്യങ്ങള്‍ക്കും ശാസ്ത്രത്തിന്റെ പക്കല്‍ റെഡിമെയ്ഡ് ഉത്തരമുണ്ട്. പക്ഷേ പ്രകൃതിയുടെ ചില പ്രഹേളികകള്‍ ശാസ്ത്രത്തെപ്പോലും ആശയക്കുഴപ്പത്തിലാക്കും. അവ മനുഷ്യനെ ഭയപ്പെടുത്തുകയും ചെയ്യും. ബര്‍മൂഡാ ത്രികോണം, ലോക്‌നസ് തടാകത്തിലെ നെസി, ഹിമാലയത്തിലെ യതി എന്നിവ ഉദാഹരണം. അതേപോലെയൊരു ചോദ്യമാണ് കാമറൂണിലെ ഒരുപിടി ഗ്രാമീണരെ ഇന്നും വിഷമിപ്പിക്കുന്നത്… നയോസ് ഗ്രാമത്തിലെ വിഷമേഘങ്ങള്‍!
ആഫ്രിക്കന്‍ രാജ്യമായ കാമറൂണിലെ നയോസ് ഗ്രാമത്തില്‍ വലിയൊരു തടാകമുണ്ട്. അഗ്നിപര്‍വത സ്‌ഫോടനത്തില്‍ ചരിത്രാതീത കാലത്ത് ജനിച്ച വലിയൊരു ജലാശയം. പേരും ‘നയോസ്’ എന്നുതന്നെ. രണ്ട് കിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയും ശരാശരി നൂറ് മീറ്റര്‍ ആഴവുമുള്ളതാണ് നയോസ്. ആകെ നാനൂറ് ഏക്കര്‍ വിസ്തീര്‍ണമേയുള്ളൂ. ഓളം വെട്ടാതെ ശാന്തസുന്ദരമായി കിടക്കുന്ന ഗ്രാമീണ ജലാശയം.
അവിടെ മൂന്ന് പതിറ്റാണ്ട് മുന്‍പ് ഒരു സംഭവം നടന്നു. കൃത്യമായി പറഞ്ഞാല്‍ 1986 ആഗസ്റ്റ് 21 ന്. ശാന്തമായിക്കിടന്ന തടാകത്തില്‍ പെട്ടെന്ന് തിരയിളകി. കൂറ്റന്‍ വാതകക്കുമിളകള്‍ പൊട്ടിപുറത്തുവന്നു. അതിന്റെ ശക്തിയില്‍ അലമാലകള്‍ നിരവധി മീറ്ററുകള്‍ ഉയര്‍ന്നുപൊങ്ങി. തടാകത്തിന്റെ അടിത്തട്ടില്‍ നിന്നുരുണ്ടു കൂടിയ വാതകവും ജലകണങ്ങളുമൊക്കെച്ചേര്‍ന്ന് മൂടല്‍മഞ്ഞും മേഘക്കൂട്ടങ്ങളും രൂപമെടുത്തത് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു. നയോസ്, ചാ, ഡിഗ്ബി, സുബം എന്നീ ഗ്രാമങ്ങളെ മൂടല്‍മഞ്ഞ് വിഴുങ്ങി. കടല്‍ക്കാറ്റില്‍ മേഘങ്ങള്‍ അകന്നലിഞ്ഞ് പോയപ്പോള്‍ ശേഷിച്ചത് ഗ്രാമങ്ങളിലെ ആളുകളുടെ മുഴുവനും ചേതനയറ്റ ശരീരങ്ങള്‍.
കാമറൂണിന്റെ തലസ്ഥാനമായ ‘യോണ്ടി’ (ഥമീൗിറമ)യില്‍ നിന്ന് 316 മൈല്‍ അകലെയാണ് നിര്‍ജീവ അഗ്നിപര്‍വതങ്ങളുടെ നാടായ നയോസ്. അവിടെയെത്തിച്ചേരാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ക്ലേശങ്ങള്‍ സഹിച്ച് ഗ്രാമങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരെത്തിയപ്പോള്‍ കാണാന്‍ കഴിഞ്ഞത് 1750 പേരുടെ ദാരുണമരണമായിരുന്നു. 3500 ആടുമാടുകളും പിടഞ്ഞുമരിച്ചു. ഓളത്തിന്റെ മൃഗീയ ശക്തിയില്‍ കൂറ്റന്‍ വൃക്ഷങ്ങള്‍ പോലും കടപുഴകി വീണു കിടക്കുന്നു. തടാകത്തിന്റെ അടിത്തട്ടിലെ ഇരുമ്പ് ലവണ സമൃദ്ധമായ ശീതജലം മേല്‍പ്പരപ്പില്‍ കുതിച്ചെത്തി. ഓക്‌സീകരണം മൂലം ചുവപ്പുരാശി പടര്‍ന്നു കാണപ്പെട്ടു.
അഗ്നി പര്‍വതത്തില്‍ നിന്ന് പണ്ടെങ്ങോ ഒഴുകിപ്പരന്ന ലാവയായിരുന്നത്രെ തടാകത്തിന്റെ അടിത്തട്ടില്‍. അതിലെ രാസലവണങ്ങള്‍ നേരിയ ഭൂചലനങ്ങളുടെ ഫലമായി വെള്ളവുമായി സമ്പര്‍ക്കത്തില്‍ വന്നു. കെട്ടിക്കിടന്ന കാര്‍ബണ്‍ഡൈഓക്‌സൈഡ് അപ്പാടെ സ്വതന്ത്രമായി. അതിന്റെ കരുത്തില്‍ തടാകത്തിലെ ജലം കാര്‍ബോണിക് ആസിഡിന്റെ രൂപം സ്വീകരിച്ചു. ഭൂഗര്‍ഭത്തില്‍ ശേഖരിക്കപ്പെട്ട അളവില്ലാത്ത കാര്‍ബണ്‍ഡൈഓക്‌സൈഡിന്റെ രാക്ഷസീയമായ പ്രവാഹമായിരുന്നുവത്രെ പുറത്ത് ഗ്രാമീണരെ വേട്ടയാടിക്കൊന്നത്. മാരകമായ കാര്‍ബണ്‍ മോണോക്‌സൈഡും കൂട്ടക്കൊലയ്‌ക്ക് കൂട്ടുനിന്നു.
ഏതാണ്ട് 15 ലക്ഷം ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് നയോസില്‍നിന്ന് പുറത്തു ചാടിയതായി ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു. അതിന്റെ വേഗം പരന്നത് 25 കിലോമീറ്റര്‍ വിസ്തൃതിയിലായിരുന്നത്രെ. ആ സമയത്ത് 25 മീറ്റര്‍ ഉയരത്തില്‍ ഓളങ്ങള്‍ ചാടി ഉയര്‍ന്നു. തടാകത്തിന്റെ അടിത്തട്ടില്‍ അഗ്നിപര്‍വത സ്‌ഫോടനം നടന്നതായി വിശ്വസിക്കുന്നവരുമുണ്ട്. ഇതേപോലൊരു പ്രകൃതിദുരന്തത്തില്‍ ഇത്രയധികം പേര്‍ പിടഞ്ഞുമരിക്കുന്ന സംഭവം ലോകത്ത് അത്യപൂര്‍വമെന്ന് ചരിത്രം രേഖപ്പെടുത്തി.
ഈ സംഭവത്തിനുശേഷം നയോസിന്റെ ചുമരുകളാകെ ദുര്‍ബലമായതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നേരിയ ഭൂചലനം സംഭവിച്ചാല്‍ പോലും പ്രകൃതിദത്തമായ ഈ ഭിത്തികള്‍ തകര്‍ന്നുവീഴും. അത് ഗ്രാമങ്ങളില്‍ വന്‍ പ്രളയത്തിന് കാരണമാവും. ഒപ്പം കാര്‍ബണ്‍ഡൈ ഓക്‌സൈഡും കാര്‍ബണ്‍ മോണോക്‌സൈഡും വന്‍തോതില്‍ പുറത്തുവരും.
ജനങ്ങളുടെ ഭയത്തിന് അറുതിവരുത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. തടാകത്തിന്റെ അടിയില്‍ വാതകം രൂപപ്പെട്ടാലുടന്‍ ചോര്‍ത്തിക്കളയാന്‍ മൂന്ന് പടുകൂറ്റന്‍ ട്യൂബുകള്‍ (ഡീ ഗ്യാസിങ് ട്യൂബുകള്‍ എന്നു വിളിക്കുന്ന സൈഫണുകള്‍) വെള്ളത്തിന്റെ അടിത്തട്ടിലേക്കിറക്കി സ്ഥാപിച്ചിട്ടുണ്ട്. അടിത്തട്ടില്‍ ഉരുണ്ടുകൂടുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ്, അപകടകാരികളായ ഖനിജങ്ങളുമായി പ്രതിപ്രവര്‍ത്തിച്ചുണ്ടാവുന്ന വിഷവാതകങ്ങള്‍ എന്നിവയെ സാവധാനം ഇവ അന്തരീക്ഷത്തിലേക്ക് തുറന്നുവിടും. വാതകത്തിന്റെ അളവ് കൂടിയാലുടന്‍ ഗ്രാമവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുള്ള യന്ത്രസാമഗ്രികളും ഇവിടെ സ്ഥാപിച്ചിരിക്കുന്നു. നേരിയ ഭൂചലനം പോലും അളന്ന് തിട്ടപ്പെടുത്തുന്ന സീസ്‌മോമീറ്ററുകളും. പക്ഷേ ഇതുകൊണ്ടൊന്നും ഗ്രാമീണരുടെ ഭീതി അകലുന്നില്ല.
കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ഉല്‍സര്‍ജനം മൂലം കുപ്രസിദ്ധി നേടിയ മൂന്ന് തടാകങ്ങളാണ് നിലവിലുള്ളത്. ആദ്യത്തേത് കാമറൂണിലെ നയോസ് തന്നെ. രണ്ടാമത്തേത് കാമറൂണില്‍ തന്നെയുള്ള മോനൗണ്‍ തടാകം. കോംഗോ റിപ്പബ്ലിക്കില്‍ സ്ഥിതിചെയ്യുന്ന ‘കിവു’ തടാകമാണ് മൂന്നാമന്‍.
















