ന്യൂദല്‍ഹി: കോടതി ഉത്തരവുകളില്‍ മാറ്റം വരുത്താന്‍ ജനാധിപത്യ പ്രക്രിയയില്‍ അവകാശമുണ്ടെന്ന് കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. ആധാര്‍ ഭേദഗതി ബില്ലിനെ സംബന്ധിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമങ്ങള്‍ നിര്‍മ്മിക്കാനുള്ള അവകാശം മാത്രമല്ല പാര്‍ലമെന്റിനുള്ളത് മറിച്ച് കോടതി ഉത്തരവുകളില്‍ മാറ്റം അനിവാര്യമെങ്കില്‍ അങ്ങനെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
‘നമ്മള്‍ നിയമം ഉണ്ടാക്കാന്‍ ആണ് ഇവിടെ ഇരിക്കുന്നത്. അതിനായി കോടതി വിധികളെ റദ്ദ് ചെയ്യാനും നമ്മുക്ക് അധികാരമുണ്ട്. ദയവായി ഈ സഭയുടെ അധികാരത്തെ നമ്മള്‍ തന്നെ കുറയ്‌ക്കരുത്’. ഭാരതത്തിലെ ജനങ്ങള്‍ നിയമം ഉണ്ടാക്കാനുള്ള അധികാരം തന്നിക്കുന്നത് പാര്‍ലമെന്റിനാണെന്നും കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ആധാര്‍ കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനു പകരമുള്ളതാണു ലോക്‌സഭ പാസാക്കിയ ഭേദഗതി നിയമം. ബാങ്ക് അക്കൗണ്ടിനും മൊബൈല്‍ കണക്ഷനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലാതാക്കാനാണിത്. ഉപയോക്താവിന്റെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനു പ്രത്യേക നിയമം വൈകാതെ കൊണ്ടുവരുമെന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 7.48 ലക്ഷം കോടി രൂപ ലാഭിക്കാന്‍ ആധാര്‍ കാരണമായെന്നും സുപ്രീം കോടതിയുടെ ഉത്തരവുകള്‍ക്ക് വിരുദ്ധമായാണ് ഭേദഗതി നടക്കുന്നതെന്ന വിമര്‍ശനത്തോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.















