ബെംഗളൂരു: എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് പതിനൊന്ന് ഭരണകക്ഷി എം.എല്‍.എമാര്‍ രാജിസമര്‍പ്പിച്ച സാഹചര്യത്തില്‍ കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി. ഗവര്‍ണര്‍ ക്ഷണിച്ചാല്‍ തങ്ങള്‍ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്നും കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ വ്യക്തമാക്കി.
ഏറ്റവും വലിയ ഒറ്റകക്ഷി ബി.ജെ.പി.യാണ്. 105 എം.എല്‍.എമാര്‍ ഞങ്ങള്‍ക്കുണ്ട്. പക്ഷേ, എല്ലാകാര്യത്തിലും പരമാധികാരം ഗവര്‍ണര്‍ക്കാണ്. ഗവര്‍ണര്‍ ഞങ്ങളെ ക്ഷണിച്ചാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബി.ജെ.പി. തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 30ന് രണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവെച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ രാജികള്‍. അന്ന് മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ രമേശ് ജാര്‍ക്കിഹോളി, ബെല്ലാരി വിജയനഗര്‍ എംഎല്‍എ ആനന്ദ് സിങ് എന്നിവരാണ് രാജിവെച്ചത്.
ആദ്യം രാജി പ്രഖ്യാപിച്ചത് ആനന്ദ് സിങാണ്. ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ട ആനന്ദ് സിങ് താന്‍ രാജിവെക്കാനുള്ള കാരണങ്ങള്‍ വിശദീകരിച്ചു. വൈകിട്ട് നിയമസഭാ സ്പീക്കറുടെ പക്കല്‍ ഔദ്യോഗികമായി രാജിസമര്‍പ്പിച്ചു. ഇതിനുശേഷം നാലുമണിയോടെ രമേശ് ജാര്‍ക്കിഹോളിയും സ്പീക്കര്‍ക്ക് രാജി നല്‍കിയിരുന്നു. നേരത്തേ ചിഞ്ചോലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ഉമേഷ് യാദവ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കലബുര്‍ഗിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ഉമേഷ് യാദവാണ് കോണഗ്രസിന്റെ കരുത്തനായ മല്ലികാര്‍ജുന ഖാര്‍ഗെയെ അട്ടിമറിച്ചത്.
















