പനാജി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന വീഡിയോകളില്‍ ഒന്നാണ് ഒരു പശു ഫുട്ബോള്‍ കളിക്കുന്ന ദൃശ്യങ്ങള്‍. പന്തിന് ചുറ്റും ഒടുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ ട്വിറ്ററിലും ഫേസ്ബുക്കിലും ലക്ഷങ്ങളാണ് കണ്ടതും ഷെയര്‍ ചെയ്തതും. പലരും മെസ്സിയോടും ക്രിസ്റ്റ്യാനോയോടുംവരെ തമാശയായി ഉപമിച്ചു.
പശുവിന്റെ പ്രകടനങ്ങള്‍ ആദ്യം കൗതുകം ആയിരുന്നെങ്കിലും വീഡിയോയ്‌ക്ക് പിന്നിലെ സത്യാവസ്ഥ അറിഞ്ഞതോടെ കൗതുകം സങ്കടമായി മാറുകയായിരുന്നു. ഗോവന്‍ പത്രമായ ഒ ഹെറാള്‍ഡോയാണ് ഈ പന്തുകളിയുടെ സത്യാവസ്ഥയെ കുറിച്ച് എഴുതിയിരിക്കുന്നത്.
വിഡിയോയില്‍ കാണുന്ന പശു ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പ്രസവിച്ചത്. എന്നാല്‍ സമീപത്തെ റോഡില്‍ വച്ച് വാഹനമിടിച്ച് ആ പശുക്കുട്ടി ചത്തു പോയി . മാര്‍ഡോല്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു ഈ അപകടം. പിന്നീട് എല്ലാ ദിവസവും ഈ അമ്മ പശു അപകടം നടന്ന സ്ഥലത്ത് പശു കിടാവിനെ തപ്പി കറങ്ങി നടക്കുക പതിവായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.
തന്റെ കിടാവ് ആണെന്ന് കരുതിയാണ് പന്തിനെ പശു കാലിനടിയില്‍ ചേര്‍ത്തു നിര്‍ത്തിയതെന്നും പന്തിന്റെ അടുത്തേക്ക് മറ്റുള്ളവര്‍ വരാന്‍ പശു സമ്മതിക്കാതിരുന്നെന്നതെന്നും നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ ചത്തുപോയ തന്റെ കുഞ്ഞാണെന്ന ധാരണയിലാണ് ആ പശു പന്തിനെ സമീപിച്ചത്. നമുക്കത് പശു പന്ത് കളിക്കുന്നതായി തോന്നുകയും ചെയ്തു.















