ന്യൂദല്‍ഹി: ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിം രാജ്യത്തില്ലെന്ന പാക്കിസ്ഥാന്റെ വാദം പൊളിയുന്നു. ദാവൂദ് പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്നു തെളിയിക്കുന്ന പുതിയ ചിത്രം പുറത്ത്.സി ന്യൂസാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. രഹസ്യാന്വേഷണ ഏജന്‍സികളുടെ കൈവശമുള്ള ചിത്രത്തില്‍ ദാവൂദും ഏറ്റവും വിശ്വസ്തനായ അനുയായി ജാബിര്‍ മോടിവാലയുമാണ് ഉള്ളത്.
ജാബിറിന്റെ നാടുകടത്തല്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന വിവരം അറ്റോര്‍ണി ജനറല്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ചിത്രം സഹിതം ബോധിപ്പിച്ചത്. ഡി കമ്പനിയുടെ രാജ്യാന്തര പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ജാബിറാണ്.
അതേസമയം ദാവൂദ് അസുഖബാധിതനാണെന്നും അവശനാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ രഹസ്യാന്വേഷണ ഏജന്‍സി പുറത്തുവിട്ട ചിത്രത്തില്‍ ആരോഗ്യവാനവായ ദാവൂദിനെയാണ് കാണിക്കുന്നത്. പാക്കിസ്ഥാനിലെ കറാച്ചിയിലെ ക്ലിഫ്റ്റണ്‍ ഹൗസില്‍ ദാവൂദിന്റെ വീടിന് സമീപമാണ് ജാബിര്‍ താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ദാവൂദ് പാക്കിസ്ഥാനില്ലെന്ന് വ്യാഴാഴ്ച പാക്ക് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. അതിന് പുറമെയാണ് ദാവൂദിന്റെയും കൂട്ടാളിയുടെയും പുതിയ ചിത്രം പുറത്തുവിട്ടത്. 2018 ഓഗസ്റ്റ് 17ന് കള്ളപ്പണം വെളുപ്പിക്കല്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളില്‍ ജാബിറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.അതിനെ തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് ജാബിര്‍ വെളിപ്പെടുത്തിയെന്നാണ് എഫ്ബിഐ വ്യക്തമാക്കുന്നത്.
ദാവൂദിന്റെ ഡി കമ്പനിയുടെ നിര്‍ണായക വിവരങ്ങളും ജാബിര്‍ രഹസ്യാന്വേഷണ ഏജന്‍സിയ്‌ക്ക് മുമ്പില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ എഫ്ബിഐയുമായി ബന്ധപ്പെട്ടിരുന്നു. പാക്ക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയ്‌ക്കും ഡി കമ്പനിയുമായി ബന്ധമുണ്ടെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.















