അഹമ്മദാബാദ്: ഗുജറാത്തിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ടില്‍ ബിജെപിക്ക് ജയം. കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും, ജുഗല്‍ ഠാക്കൂറുമാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് 105 ആദ്യവോട്ടുകളാണ് ലഭിച്ചത്. ബിജെപിയുടെ 100 വോട്ടുകള്‍ക്കു പുറമേ കോണ്‍ഗ്രസിന്റെ തന്നെ സഖ്യകക്ഷിയായിരുന്ന ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ടു വോട്ടുകളും എന്‍സിപിയുടെ ഒരു വോട്ടും കോണ്‍ഗ്രസിന്റെ രണ്ടു വോട്ടുകളും കൂടി ലഭിച്ചതോടെയാണ് 105 ആയത്.
182 അംഗങ്ങളുള്ള സഭയില്‍ വോട്ടവകാശമുള്ള 175 എംഎല്‍എമാരാണുണ്ടായിരുന്നത്. ഇതനുസരിച്ച് ഒരു സ്ഥാനാര്‍ഥിക്കു 59 ആദ്യ വോട്ട് ലഭിച്ചാല്‍ വിജയിക്കാം. അതേസമയം വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ അല്‍പേശ് താക്കൂറും ധവല്‍സിങ് ഝാലയും വോട്ട് ചെയ്ത ശേഷം നിയമസഭാംഗത്വം രാജിവച്ചു.
അമിത് ഷായും സ്മൃതി ഇറാനിയും രാജ്യസഭാ അംഗത്വം രാജിവച്ചതിനെ തുടര്‍ന്നാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇരുവരും രജ്യസഭാ അംഗത്വം രാജിവച്ചത്.















