ന്യൂദല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെച്ച രാഹുല്‍ ഗാന്ധിക്ക് ഇനി കോടതികളില്‍ കയറി ഇറങ്ങി സമയം കളയാം. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുലിനെതിരെ അഞ്ച് മാനനഷ്ടക്കേസുകളാണ് നിലവിലുള്ളത്. അതിലൊന്നാണ് ഗൗരി ലങ്കേഷിനെ കൊന്നത് ആര്‍എസ്എസുകാരാണെന്നുള്ള പ്രഖ്യാപനം. റഫാല്‍ കേസില്‍ ചൗക്കീദാര്‍ മോദി കള്ളനാണെന്ന് കോടതിയും പറഞ്ഞുവെന്ന പരാമര്‍ശത്തിലും രാഹുല്‍ കോടതി കയറിയിറങ്ങുകയാണ്.
എല്ലാ കള്ളന്മാര്‍ക്കും മോദിയെന്ന ജാതിപ്പേരുവരുന്നതെങ്ങനെയെന്ന് പൊതുവേദിയില്‍ ചോദിച്ചതിന് എതിരെ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി നല്‍കിയ മാനഷ്ടക്കേസാണ് മറ്റൊന്ന്. അമിത് ഷായെ കൊലയാളിയെന്നു വിളിച്ചതിനും നോട്ട് അസാധുവാക്കിയതിനു ശേഷം അമിത് ഷായുടെ നേതൃത്വത്തിലുള്ള അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് വന്‍തോതില്‍ നോട്ട്മാറി നല്‍കി കള്ളപ്പണം വെളുപ്പിച്ചെന്ന് പറഞ്ഞതിന് ബാങ്ക് അധികൃതര്‍ നല്‍കിയ മാനനഷ്ടക്കേസും രാഹുല്‍ നേരിടുന്നുണ്ട്. ഇതിലൊന്നില്‍ ഈമാസം ഒമ്പതിനും മറ്റൊന്നില്‍ 12നും സുശീല്‍ കുമാര്‍ മോദി നല്‍കിയ കേസില്‍ ഈ മാസം 24നും രാഹുല്‍ കോടതികളില്‍ ഹാജരാകണം.















