യുദ്ധഭൂമിയില്‍ മേഘനാദന്‍ ഹനുമാനെ വെല്ലുവിളിച്ചു. ‘ നീ മഹായോദ്ധാവാണെന്നു ഞാന്‍ കേട്ടിട്ടുണ്ട്. എന്റെ രണ്ട് അനുജന്മാരെ ഞെക്കി ഞെരിച്ചു കൊന്നത് നീയല്ലേ. വാ നിന്നെയൊന്നു കാണട്ടേ’ നേരിട്ടു പൊരുതാനായിരുന്നു മേഘനാദന്റെ വെല്ലുവിളി.
പരിഹാസം നിറഞ്ഞതായിരുന്നു ഹനുമാന്റെ മറുപടിയും. ‘ മേഘനാദാ നീ ഇന്ദ്രനെ ജയിച്ചവനാണ്. മഹാമായാവിയാണ്. നിന്നെയൊന്നു അടുത്തു കാണാന്‍ എനിക്കും തിടുക്കമായി.’ഹനുമാന്‍ അടുത്തു വന്നതോടെ മേഘനാദന്‍ അമ്പുകള്‍ വര്‍ഷിക്കാന്‍ തുടങ്ങി. ഹനുമാന്‍ അവയെല്ലാം വലം കൈയാല്‍ പിടിച്ചെടുത്ത് മേഘനാദനു നേരെ എറിയാന്‍ തുടങ്ങി. മേഘനാദന്റെ കൈയിലിരുന്ന കുലവില്ല് പിടിച്ചു വാങ്ങി തലയില്‍ പ്രഹരിക്കാനോങ്ങി. ആ നേരത്ത് ലക്ഷ്മണന്‍ ഇരുവരോടുമായി ‘ അരുത് നിങ്ങള്‍ സഹോദരന്മാരാണ്’ എന്നു വിളിച്ചു പറഞ്ഞു. അതോടെ ഇരുവരും യുദ്ധം നിര്‍ത്തി. സ്‌നേഹാര്‍ദ്രമായ കണ്ണുകളോടെ പരസ്പരം നോക്കി. എന്നാല്‍ സന്ദര്‍ഭത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, ഇരുവരും പോരാടാനായി ഓടിയടുത്തു.
അവര്‍ അന്യോന്യം അമ്പെയ്തു തുടങ്ങി. അവ ഉത്തരോത്തരം അസഹ്യമായിത്തീര്‍ന്നു. യുദ്ധം മൂന്നു വിധമുണ്ട്. സത്യയുദ്ധം, കപടയുദ്ധം, മായായുദ്ധം. പറഞ്ഞുകേട്ടും അറിഞ്ഞും അറിയിച്ചും നേരേ നിന്നു നടത്തുന്നത് സത്യയുദ്ധം. ഒന്നു പറഞ്ഞ് മറ്റൊന്ന് ചെയ്തും ലക്ഷ്യം കുറിച്ച് മറിച്ച് പ്രയോഗിച്ചും മുറതെറ്റിയും നടത്തുന്നത് കപടയുദ്ധം ഒളിച്ചു നിന്ന് മായപ്രയോഗിക്കുന്നത് മായായുദ്ധം. സത്യയുദ്ധത്തില്‍ തോല്‍ക്കുമെന്നായപ്പോള്‍ മേഘനാദന്‍ കപടയുദ്ധമാരംഭിച്ചു. അതോടെ മായാ യുദ്ധത്തിന് തയാറെടുത്ത് സ്വന്തം കാമചരവിമാനത്തില്‍ കയറി മായാവി മാനത്തു മറഞ്ഞു. മായാവിയാകാന്‍ മേഘനാദന്‍ ഒരുങ്ങുന്നത് വിഭീഷണനു മനസ്സിലായി. ‘സന്ധ്യയാകാറായി. രാക്ഷസന്മാരുടെ മായാവിദ്യകള്‍ക്ക് രാത്രിയാണ് പറ്റി സമയം. മേഘനാദന്‍ അതിനൊരുങ്ങുകയാണ്. നമുക്ക് ഇന്നത്തെ യുദ്ധം മതിയാക്കി പാളയത്തിലേക്ക് മടങ്ങാം.’
(തുടരും)
















