ന്യൂദല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ ഇടപാടിനൊരുങ്ങി ഇന്ത്യ.പുതിയ നൂറ്റിപ്പതിനാല് പോര്‍വിമാനങ്ങള്‍ സ്വന്തമാക്കാന്‍ കരാറുകള്‍ ക്ഷണിച്ചു. രാജ്യത്തെ സായുധസേനയുടെ കരുത്ത് വര്‍ധിപ്പിക്കാനും പഴക്കം ചെന്ന യുദ്ധവിമാനങ്ങള്‍ക്ക് പകരമാകാനുമാണ് പുതിയ പോര്‍വിമാനങ്ങള്‍ ഇന്ത്യ സ്വന്തമാക്കുന്നത്.
ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ ഇടപാട് സ്വന്തമാക്കാന്‍ ഇതിനോടകം പ്രതിരോധ നിര്‍മാണ മേഖലയിലെ പല ആഗോള പ്രമുഖരും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബോയിങ് കോ, ലോക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പ്, സാബ് ആബ് എന്നിവരടക്കം മുന്നോട്ട് വന്നിട്ടുണ്ട്.ചുരുങ്ങിയത് 85 ശതമാനം നിര്‍മാണവും ഇന്ത്യയിലായിരിക്കണമെന്ന് ഒരു വര്‍ഷം മുന്‍പ് പുറത്തിറക്കിയ കരട് രേഖയില്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു.
പ്രാഥമിക ഘട്ടത്തില്‍ ലഭിച്ചിട്ടുള്ള കരാറുകളും വ്യോമസേന മുന്നോട്ട് വെക്കുന്ന ആവശ്യങ്ങളും വിലയിരുത്തി വരികയാണെന്ന് പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് പാര്‍ലമെന്റില്‍ അറിയിച്ചു. ടാങ്കുകളും സായുധ വാഹനങ്ങളും വാങ്ങുന്നതിനുള്ള പ്രാഥമിക രേഖകള്‍ തയാറായി വരികയാണെന്നും വിദേശ കപ്പല്‍ നിര്‍മാതാക്കളോട് ഇന്ത്യയില്‍ വെച്ച് തന്നെ അന്തര്‍വാഹിനികള്‍ നിര്‍മിച്ച് നല്‍കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ നാനൂറോളം സിങ്കിള്‍, ഡബിള്‍ എഞ്ചിന്‍ വിമാനങ്ങളാണ് രാജ്യത്തിന് ആവശ്യമായുള്ളത്. എച്ച്എഎല്‍, മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റംസ് എന്നീ ആഭ്യന്തര കമ്പനികളുമായി ചേര്‍ന്ന് എഫ് 18 വിമാനങ്ങള്‍ നിര്‍മിക്കാനാണ് ബോയിങ്ങിന്റെ കരാര്‍.ടാറ്റാ ഗ്രൂപ്പുമായി ചേര്‍ന്ന് എഫ്-16 പോര്‍ വിമാനങ്ങള്‍ നിര്‍മിക്കാനാണ് ലോക്ക്ഹീഡ് തായറായിരിക്കുന്നത്. അദാനിയുമായി ചേര്‍ന്നുള്ള നിര്‍മാണത്തിനാണ് സാബ് മുന്നോട്ട് വന്നിരിക്കുന്നത്.
















