ചെസ്റ്റര്‍ ലീ സ്ട്രീറ്റ്: ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയ്‌ക്കെതിരെ വെസ്റ്റിന്‍ഡീസിന് 339 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ആവിഷ്‌ക ഫെര്‍ണാണ്ടോയുടെ സെഞ്ചുറി കരുത്തില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക 338 റണ്‍സെടുത്തത്.
ഒമ്പതാം ഏകദിനം കളിക്കുന്ന ഫെര്‍ണാണ്ടോ 103 പന്തില്‍ 104 റണ്‍സെടുത്തു. താരത്തിന്റെ ആദ്യ ഏകദിന സെഞ്ചുറിയാണിത്. ഒന്‍പതു ബൗണ്ടറിയും രണ്ടു സിക്‌സും അടങ്ങിയതാണ് ഫെര്‍ണാണ്ടോയുടെ ഇന്നിങ്‌സ്. ഓപ്പണര്‍ കുശാല്‍ പെരേര (51 പന്തില്‍ 64) അര്‍ധസെഞ്ചുറി നേടി. ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ (48 പന്തില്‍ 32), കുശാല്‍ മെന്‍ഡിസ് (41 പന്തില്‍ 39), എയ്ഞ്ചലോ മാത്യുസ് (20 പന്തില്‍ 26), ഇസുരു ഉഡാന (6 പന്തില്‍ 3) എന്നിങ്ങനെയാണു പുറത്തായ ലങ്കന്‍ താരങ്ങളുടെ പ്രകടനം. ലഹിരു തിരിമാനെ (33 പന്തില്‍ 45), ധനഞ്ജയ ഡിസില്‍വ (മൂന്ന് പന്തില്‍ ആറ്) എന്നിവര്‍ പുറത്താകാതെനിന്നു.
മികച്ച തുടക്കമാണ് വിന്‍ഡീസിനെതിരെ ശ്രീലങ്കയ്‌ക്കു ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ 93 റണ്‍സ് ഓപ്പണര്‍മാരായ കരുണരത്‌നെയും കുശല്‍ പെരേരയും കൂട്ടിച്ചേര്‍ത്തു. ജേസണ്‍ ഹോള്‍ഡറിന്റെ പന്തില്‍ ഷായ് ഹോപിന് ക്യാച്ച് നല്‍കി കരുണരത്‌നെ മടങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. അര്‍ധസെഞ്ചുറി നേടിയ കുശാല്‍ പെരേര റണ്ണൗട്ടായി. കുശാല്‍ മെന്‍ഡിസിനെ ഫാബിയന്‍ അലന്‍ ക്യാച്ചെടുത്താണു മടക്കിയത്. എയ്ഞ്ചലോ മാത്യൂസ് ജേസണ്‍ ഹോള്‍ഡറുടെ പന്തില്‍ ബൗള്‍ഡായി. ലഹിരു തിരിമാനെയെ കൂട്ടുപിടിച്ച് ആവിഷ്‌ക ഫെര്‍ണാണ്ടോ ലങ്കന്‍ സ്‌കോര്‍ 300 കടത്തി.
സ്‌കോര്‍ 314 ല്‍ നില്‍ക്കെ ഷെല്‍ഡന്‍ കോട്രലിന്റെ പന്തില്‍ ഫാബിയന്‍ അലന് ക്യാച്ച് നല്‍കി ആവിഷ്‌ക മടങ്ങി. ഇസുരു ഉഡാനയ്‌ക്കു കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വിന്‍ഡീസിനായി ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി.
















