ദുബായ് : മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ട്വിറ്റര്‍ നയതന്ത്രം ഏറെ ശ്രദ്ധയാര്‍ജ്ജിച്ചതാണ്. അതിനു പിന്മുറക്കാരനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ദുബായിയില്‍ തൊഴിലും പാസ്‌പോര്‍ട്ടുമില്ലാതെ കുടുങ്ങിക്കിടന്ന മലയാളിക്കാണ് കേന്ദ്രമന്ത്രി സഹായ ഹസ്തവുമായി എത്തിയത്.
കഴിഞ്ഞ ആറുമാസമായി ദുബായില്‍ കുടുങ്ങി കഷ്ടത അനുഭവിക്കുന്ന പി.ജി.രാജേഷ് എന്ന യുവാവിന്റെ ജീവിതം ഒറ്റ ട്വീറ്റിലുടെ മാറി മറിയുകയായിരുന്നു. ജുമൈറയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയായിരുന്നു തൃശ്ശൂര്‍ സ്വദേശി രാജേഷ്. എന്നാല്‍ പിന്നീട് കമ്പനിയുടെ ഉടമസ്ഥാവകാശം മാറിയതോടെ ശമ്പളം ജോലിയും ഇല്ലാതാവുകയായിരുന്നു. കുടിശ്ശിക വന്ന ശമ്പളം നല്‍കാന്‍ തയ്യാറാകാത്ത കമ്പനി അധികൃതര്‍ പാസ്‌പോര്‍ട്ട് പിടിച്ചു വയ്‌ക്കുകയും ചെയ്തു. കയ്യില്‍ പണമില്ലാതെ കൂട്ടുകാരുടെ കാരുണ്യത്തില്‍ കഴിഞ്ഞു വരികയായിരുന്ന രാജേഷ് തന്റെ അവസ്ഥ വിവരിച്ച് ഫോണ്‍ നമ്പറും നല്‍കി ട്വീറ്റ് ചെയ്യുകയായിരുന്നു.
‘കഴിഞ്ഞ ആറു മാസമായി ദുബായില്‍ ശമ്പളമില്ലാതെ കഷ്ടപ്പെടുകയാണ്. നാല് മാസമായി മുറിയില്‍ കറണ്ടില്ല. കയ്യില്‍ പാസ്‌പോര്‍ട്ടും ഇല്ല. ഇന്ത്യയിലേക്ക് മടങ്ങണം. പലരോടും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ലെന്ന രാജേഷിന്റെ ട്വീറ്റ് ശ്രദ്ധയില്‍ പെട്ടാണ് കേന്ദ്രമന്ത്രി ഇതില്‍ ഇടപെടുന്നത്. രാജേഷിന് അടിയന്തിര സഹായം നല്‍കാന്‍ ട്വിറ്ററിലൂടെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനും ഇന്ത്യന്‍ എംബസിക്കും നിര്‍ദ്ദേശം നല്‍കി.
വി. മുരളീധരന്റെ ഇടപെടലിന് പിന്നാലെ പത്തോളം ജോലി വാഗ്ദാനങ്ങളാണ് രാജേഷിനെ തേടിയെത്തിയത്. സഹായ വാഗ്ദാനവുമായി ഒരാള്‍ രാജേഷിന്റെ താമസസ്ഥലത്ത് നേരിട്ടെത്തുകയും ചെയ്തു. ഈ ജോലി സ്വീകരിക്കാന്‍ ഉള്ള ഒരുക്കത്തിലാണിപ്പോള്‍ രാജേഷ്.
















