ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ ഒരു കുടുംബത്തിനു മാത്രമാണ് പ്രാധാന്യം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം ശരിവെച്ച് മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന് അവഗണന. നരസിംഹറാവുവിന്റെ തൊണ്ണൂറ്റെട്ടാം ജന്മദിന വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തെ കോണ്‍ഗ്രസ് ഓര്‍ത്തില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി നരസിംഹറാവുവിനെ അനുസ്മരിച്ച് ട്വിറ്ററില്‍ സന്ദേശം പോസ്റ്റ് ചെയ്തു. വളരെ നിര്‍ണായകമായ ഘട്ടത്തിലൂടെ കടന്നു പോയപ്പോള്‍ നമ്മുടെ രാജ്യത്തെ നയിച്ച നരസിംഹറാവു മികച്ച ഭരണാധികാരി ആയിരുന്നെന്നാണ് മോദി ട്വീറ്റ് ചെയ്തത്.
നെഹ്‌റു കുടുംബത്തിനപ്പുറത്തേക്ക് ആരുടേയും ശ്രദ്ധ പതിയരുത് എന്ന ഉദ്ദേശത്തോടെയാണ് നരസിംഹറാവുവിനെ അവഗണിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ചെറുമകന്‍ എന്‍.വി. സുഭാഷ് പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ച് 2014ല്‍ സുഭാഷ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ആന്ധ്രയില്‍ ഇന്നലെ റാവുവിനെ അനുസ്മരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ആരും പങ്കെടുത്തില്ല. ബിജെപി, ടിഡിപി തുടങ്ങി എല്ലാം പാര്‍ട്ടികളില്‍ നിന്ന് പ്രതിനിധികള്‍ യോഗത്തിനെത്തി. കോണ്‍ഗ്രസ് നേതാവായിരുന്ന മുന്‍ പ്രധാനമന്ത്രിയെ അവഗണിച്ചതിന് സോണിയ ഗാന്ധിയും രാഹുലും മാപ്പുപറയണമെന്ന് സുഭാഷ് ആവശ്യപ്പെട്ടു.
രാജീവ് ഗാന്ധിയുടെ മരണത്തിനു ശേഷം കോണ്‍ഗ്രസിന്റെ നേതൃത്വവും പ്രധാനമന്ത്രി സ്ഥാനവും ഏറ്റെടുത്ത നരസിംഹറാവുവിന്റെ സേവനങ്ങളെ പിന്നീട് നെഹ്‌റു കുടുംബം കണ്ടില്ലെന്നു നടിച്ചു. 1996നു ശേഷം കോണ്‍ഗ്രസിന്റെ നിയന്ത്രണം വീണ്ടും നെഹ്‌റു കുടുംബത്തിന്റെ കൈയിലായതിനു ശേഷം റാവുവിനെക്കുറിച്ച് അവര്‍ ഓര്‍ത്തതേയില്ല. ആ കുടുംബത്തിനു പുറത്തുള്ള ഒരാളിലേക്ക് ശ്രദ്ധ പോകുന്നത് അവര്‍ക്ക് ഇഷ്ടമേ അല്ല, സുഭാഷ് പറഞ്ഞു.
നരസിംഹറാവുവിനെ കോണ്‍ഗ്രസ് അവഗണിക്കുന്നതിനെക്കുറിച്ച് പാര്‍ലമെന്റില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരാമര്‍ശിച്ചിരുന്നു.
















