അമരാവതി: വിവാദങ്ങള്‍ക്കിടെ അമ്മാവന്‍ സുബ്ബ റെഡ്ഡിയെ തിരുമല തിരുപ്പതി ദേവസ്ഥാനം ഭരണസമതി ചെയര്‍മാനായി നിയമിച്ച് ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. സുബ്ബറെഡ്ഡി ക്രിസ്ത്യാനിയാണെന്നും അതിനാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദു തീര്‍ഥാടനകേന്ദ്രത്തിന്റെ ഭരണസമിതി ചെയര്‍മാനാക്കരുതെന്നും ആവശ്യമുയര്‍ന്നിരുന്നു. നീക്കം വലിയ വിവാദമായി. താന്‍ ഹിന്ദുവായാണ് ജനിച്ചതെന്നും ഇപ്പോഴും ഹിന്ദുവെന്നുമാണ് റെഡ്ഡിയുടെ വാദം. റെഡ്ഡി ഇന്നലെ ചുമതലയേറ്റു.
വൈഎസ്ആര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ സുബ്ബറാവു ഓങ്കോളില്‍ നിന്നുള്ള മുന്‍ എംപിയാണ്. തിരുപ്പതി ക്ഷേത്രത്തിന്റെ ചെയര്‍മാന് കാബിനറ്റ് മന്ത്രിയുടെ പദവിയാണ് ആന്ധ്രയില്‍. ജഗന്‍മോഹന്‍ സര്‍ക്കാര്‍ ക്ഷേത്ര ഭരണസമിതി പിരിച്ചുവിട്ടു. നാലു ദിവസത്തിനുള്ളില്‍ പുതിയ സമിതി രൂപീകരിക്കും.
ചെയര്‍മാനാക്കാനുള്ള നീക്കത്തെ പ്രമുഖ എഴുത്തുകാരന്‍ മധു കിഷ്‌വാര്‍ അടക്കമുള്ളവര്‍ എതിര്‍ത്തിരുന്നു. ഇവാന്‍ഞ്ചലിസ്റ്റായ സുബ്ബ റെഡ്ഡിയെ നിയമിച്ചത് ശരിയായില്ല, അദ്ദേഹം തുറന്നടിച്ചു. നിയമനത്തെ ഹിന്ദു സംഘടനകളും ബിജെപിയും ശക്തമായി എതിര്‍ത്തിട്ടുണ്ട്. ജഗന്‍മോഹന്‍ റെഡ്ഡി ഇവാന്‍ജലിക്കല്‍ ക്രിസ്ത്യാനിയാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ വൈ.എസ്. രാജശേഖര റെഡ്ഡിയും അമ്മയുമെല്ലാം ഇവാന്‍ജലിക്കല്‍ ക്രിസ്ത്യാനികളാണ്.
















