ന്യൂദല്‍ഹി: യുപിഎ ഭരണകാലത്ത് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്ന് പരിശീലന വിമാനം വാങ്ങിയതില്‍ 360കോടിയിലേറെ രൂപയുടെ അഴിമതി നടന്നതായി സിബിഐ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് റോബര്‍ട്ട് വാദ്രയുടെ സുഹൃത്തും ആയുധ ദല്ലാളുമായ സഞ്ജയ് ഭണ്ഡാരിക്കും പ്രതിരോധമന്ത്രാലയത്തിലെയും വ്യോമസേനയിലെ ഉദ്യോഗസ്ഥര്‍ക്കും എതിരെ സിബിഐ കേസെടുത്തു. പുതിയ കേസ് വാദ്രക്ക് അടുത്ത കുരുക്കായേക്കും.
2009-ലാണ് വ്യോമസേനാ പൈലറ്റുമാരെ പരിശീലിപ്പിക്കാന്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ പിലാറ്റസ് കമ്പനിയില്‍ നിന്ന് 75 വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ടത്. ഭണ്ഡാരി അടക്കമുള്ളവരായിരുന്നു ഇടനിലക്കാര്‍. 2010നും 2015നും ഇടയ്‌ക്ക് പിലാറ്റസ് കമ്പനി ഭണ്ഡാരിയുടെ അക്കൗണ്ടിലേക്ക് പല തവണകളായി 360 കോടിയിലേറെ രൂപ നിക്ഷേപിച്ചതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്.
2008ലെ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാനുള്ള നടപടിച്ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു ഈ ഇടപാട്. ഇടപാട് തങ്ങള്‍ക്ക് ലഭിക്കാന്‍ വേണ്ടിയായിരുന്നു, യുപിഎ സര്‍ക്കാരില്‍ വലിയ സ്വാധീനമുള്ള, ഭണ്ഡാരിക്ക് പിലാറ്റസ് പണം നല്‍കിയതെന്ന് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ സിബിഐ ചൂണ്ടിക്കാട്ടി.
ഭണ്ഡാരി,പിലാറ്റസ് കമ്പനി, ബിസിനസുകാരായ ഹിമാംശു വര്‍മ്മ, ദീപക് അഗര്‍വാള്‍, ഭണ്ഡാരിയുടെ ബിസിനസ് പങ്കാളി ബിമല്‍ സരീന്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. വാദ്രയെ കേസില്‍ തത്ക്കാലം പെടുത്തിയിട്ടില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട സിബിഐ ഇയാളെ ചോദ്യം ചെയ്തിരുന്നു. ഭണ്ഡാരിയില്‍ നിന്ന് പലകുറി വന്‍തോതില്‍ പണവും വിമാനടിക്കറ്റ് അടക്കമുള്ള സൗജന്യങ്ങളും കൈപ്പറ്റിയിട്ടുള്ളയാളാണ് വാദ്ര. ഇതുമായി ബന്ധപ്പെട്ട് കേസുകളുമുണ്ട്.
















