ന്യൂദല്‍ഹി: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഹീറോ മന്‍ജോത് കല്‍റയുടെ മാതാപിതാക്കള്‍ക്കെതിരെ പ്രായത്തട്ടിപ്പ് കേസില്‍ കുറ്റപത്രം. മാതാപിതാക്കളായ പര്‍വീന്‍ കുമാറിനെയും രഞ്ജിത് കൗറിനെയും പ്രതിചേര്‍ത്താണ് ദില്ലി ക്രൈംബ്രാഞ്ച് പ്രത്യേകസംഘം തീസ്ഹസാരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ജനനത്തീയതി തിരുത്തിയാണ് മന്‍ജോത് ടീമില്‍ കളിച്ചതെന്നാണ് ക്രൈബ്രാഞ്ച് കണ്ടെത്തിയത്. ബിസിസിഐ രേഖകളില്‍ 1999 ജനുവരി 15 ആണ് ജനനത്തീയതി. എന്നാല്‍, 1998 ജനുവരി 15 ആണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മന്‍ജോത് പഠിച്ച രണ്ട് സ്‌കൂളിലെ രേഖകള്‍ പരിശോധിച്ചാണ് പോലീസ് ഈ നിഗമനത്തിലെത്തിയത്.
മറ്റ് 11 താരങ്ങളുടെ മാതാപിതാക്കളെയും പ്രതിചേര്‍ത്തിട്ടുണ്ട്. ദില്ലിയിലെ ജൂനിയര്‍ ക്രിക്കറ്റ് താരങ്ങള്‍ക്കിടയിലെ പ്രായത്തട്ടിപ്പ് അന്വേഷിക്കുന്നതിനിടയിലാണ് ഇവര്‍ കുടുങ്ങിയത്.
ഇന്ത്യ കപ്പുയര്‍ത്തിയ 2018 അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടി മാന്‍ ഓഫ് ദ മാച്ച് ആയിരുന്നു മന്‍ജോത്. കഴിഞ്ഞ വര്‍ഷം ഐപിഎല്‍ താരലേലത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് മന്‍ജോതിനെ സ്വന്തമാക്കിയിരുന്നു.
















