അലീഗഢ്: ഉത്തര്‍പ്രദേശിലെ അലിഗഢില്‍ രണ്ടു വയസുള്ള പെണ്‍കുട്ടിയെ മുസ്ലീം യുവാക്കള്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി സാഹിദിന്റെ ഭാര്യയാണ് അറസ്റ്റിലായത്. ഇവരുടെ ഷാള്‍ ഉപയോഗിച്ചാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയെ കൊല്ലുന്ന സമയത്ത് ഇവര്‍ പ്രതികള്‍ക്ക് ഒപ്പമുണ്ടായിരുന്നോയെന്നും പരിശോധിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി.
ജൂണ്‍ രണ്ടിനാണ് രണ്ടര വയസുള്ള പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തപ്പല്‍ നഗരത്തില്‍ രണ്ടര വയസ്സുകാരിയുടെ അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്.
അച്ഛനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തിലാകമാനം മുറിവുകളുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സാഹിദ്, അസ്ലം എന്നിവരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ അഞ്ചു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ പ്രതികളെ തൂക്കിക്കൊല്ലണമെന്ന ആവശ്യവുമായി കുട്ടിയുടെ അമ്മ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കേസന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
മൃതദേഹത്തില്‍ നിന്ന് ഇരു കണ്ണുകളും ചൂഴ്ന്നെടുത്ത നിലയിലായിരുന്നു. പതിനായിരം രൂപയുടെ പേരിലാണ് ക്രൂരമായ ഈ കൊലപാതകം നടത്തിയത്. കേസിലെ മുഖ്യപ്രതികളിലൊരാളായ സഹീദ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ പക്കല്‍ നിന്നും പതിനായിരം രൂപ കടം വാങ്ങിയിരുന്നു. ഈ തുക തിരികെ തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സഹീദ് കുടുംബത്തെ ഭീഷണിപ്പെടുത്തി. പിന്നീട് വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
മെയ് 31ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
















