കൊച്ചി: മാവോയിസ്റ്റ് നേതാവ് സി.പി. ജലീല്‍ വയനാട് വൈത്തിരിയില്‍ കൊല്ലപ്പെട്ട സംഭവത്തിലെ യഥാര്‍ഥ വസ്തുത കണ്ടെത്താനെന്ന പേരില്‍ ചില സംഘടനകള്‍ നിയമം അനുവദിക്കാത്ത സമാന്തര അന്വേഷണത്തിന് ശ്രമിക്കുന്നെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ വ്യക്തമാക്കി. ലക്കിടി ഉപവന്‍ റിസോര്‍ട്ട് ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് സ്റ്റെജിനിന്റെയും വൈത്തിരി എസ്‌ഐ എന്‍. സുനില്‍ കുമാറിന്റെയും പരാതികളില്‍ രണ്ട് കേസുകളാണ് ആയുധ നിയമമടക്കം ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.കെ. രാധാകൃഷ്ണന്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
നിയമപരമായി രണ്ട് വസ്തുതാന്വേഷണ പ്രക്രിയകള്‍ പുരോഗമിക്കുന്നതിനിടെ വസ്തുതാന്വേഷണത്തിന് അനുവദിക്കണമെന്ന സംഘടനകളുടെ ആവശ്യം നിയമപരമായി അനുവദിക്കാനാവില്ല. സുപ്രീംകോടതി മാര്‍ഗ നിര്‍ദേശപ്രകാരമുള്ള അന്വേഷണം രണ്ട് കേസുകളിലും തുടരുന്നു. ജുഡീഷ്യല്‍ അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. പ്രദേശവാസികളും വനവാസികളും റിസോര്‍ട്ട് ജീവനക്കാരുമായി സംസാരിച്ച് വെടിവയ്‌പ്പ് വിവരങ്ങള്‍ ശേഖരിക്കാന്‍ അനുവദിക്കണമെന്നും അന്വേഷണത്തിന് സഹകരണവും സഹായവും നല്‍കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം.
ഇത്തരമൊരു സമാന്തര അന്വേഷണത്തിന് നിയമപരമായ പിന്‍ബലമില്ല. നിയമപരമായുള്ള രണ്ട് അന്വേഷണങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും പോലീസ് പറയുന്നു. ജലീലിന്റെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശരിയായ വസ്തുതകള്‍ പുറത്തുവരേണ്ടതുണ്ടെന്നും എന്നാല്‍, സ്ഥലം സന്ദര്‍ശിക്കാന്‍ പോലീസ് അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഒപിഡിആര്‍ സംഘടന അംഗങ്ങളും കോഴിക്കോട് സ്വദേശികളുമായ ജോസഫ്, പി. കുമാരന്‍കുട്ടി, എം.വി. കരുണാകരന്‍ എന്നിവരും നല്‍കിയ ഹര്‍ജിയിലാണ് പോലീസിന്റെ വിശദീകരണം.
















