കൊച്ചി : സീറോ മലബാര്‍ സഭ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജ രേഖ കേസ് ചര്‍ച്ച ചെയ്ത് പരിഹരിച്ചു കൂടെയെന്ന് ഹൈക്കോടതി. കേസില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫിനെ മധ്യസ്ഥനാക്കുന്നത് സംബന്ധിച്ചും കോടതി ആരാഞ്ഞിട്ടുണ്ട്.
വ്യാജ രേഖ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഫാ. പോള്‍ തേലക്കാട്ടും, ബിഷപ്പ് ജേക്കബ് മാനത്തോടത്തും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഒത്തുതീര്‍പ്പിന് ശ്രമിച്ചൂടെയെന്ന് ചോദിച്ചത്.
വാക്കാലുള്ള നിര്‍ദ്ദേശമാണ് കോടതി മുന്നോട്ടുവെച്ചത്. എന്നാല്‍ മധ്യസ്ഥ ശ്രമത്തിന് കര്‍ദ്ദിനാളിന്റെ ഭാഗത്തു നിന്നും യാതൊരു നിര്‍ദ്ദേശവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. ആലഞ്ചേരിക്കെതിരെ വിവിധ കോടതികളിലായി 13 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എല്ലാ കേസുകളിലും ഈ നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ ഇത് ആലോചിക്കാമെന്നും അഭിഭാഷകന്‍ അറിയിച്ചു.
അതേസമയം കര്‍ദ്ദിനാളിനെതിരേയുള്ള കേസില്‍ പ്രതികളെ ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. അതിനിടെ ലവ്യാജ രേഖ കേസിലെ പ്രതി ആദിത്യന്‍ ജാമ്യം അനുവദിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
















