കൊച്ചി: സിറോ മലബാര്‍ സഭയിലെ വിവാദങ്ങളിലും കേസുകളിലും ഒത്തുതീര്‍പ്പിന് തയാറല്ലെന്ന് സഭയിലെ കര്‍ദിനാള്‍ വിരുദ്ധ ഔദ്യോഗിക പക്ഷം. ഹൈക്കോടതിയില്‍ കര്‍ദിനാള്‍പക്ഷം വച്ച നിര്‍ദേശത്തിനുന്മേല്‍, മധ്യസ്ഥന്‍ വഴിയുള്ള ഒത്തുതീര്‍പ്പിനുള്ള സാധ്യത കോടതി ആരാഞ്ഞിരുന്നു. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ വന്ന ഭൂമി വില്‍പ്പനക്കേസും, മറുപക്ഷത്തിനെതിരെ ഇപ്പോള്‍ കോടതിയിലെത്തിയ സഭാ രേഖാ കേസും തമ്മില്‍ ഒത്തുതീര്‍ക്കാനുള്ള ചിലരുടെ ശ്രമമാണ് ഇതോടെ തകരുന്നത്.
എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പനക്കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ ആരോപണം ഉയര്‍ന്നു. ഇത് വത്തിക്കാനില്‍ പോപ്പിന് മുന്നിലെത്തി, ആലഞ്ചേരിയെ അതിരൂപതാ ചുമതലകളില്‍നിന്ന് നീക്കി നിര്‍ത്തി, ഫാ. ജേക്കബ് മനത്തോടത്തെ അഡ്മിനിസ്‌ട്രേറ്ററായി വത്തിക്കാന്‍ തന്നെ നിയോഗിച്ചു. ഇവരാണ് ഇപ്പോള്‍ ഔദ്യോഗിക പക്ഷം. ഇതിനിടെ സഭയിലെ ചില മെത്രാന്മാരുടെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ പുറത്തുവന്നു. ഈ രേഖകള്‍ പോലീസിന് കൈമാറി, തെൡവ് അവതരിപ്പിച്ചവര്‍ക്കെതിരേ കര്‍ദിനാള്‍ പക്ഷക്കാര്‍ കേസ് നല്‍കി. വ്യാജരേഖയെന്ന് ആരോപിച്ചുള്ള ഈ കേസും ഭൂമിവില്‍പ്പനക്കേസും തമ്മിലാണ് ഒത്തുതീര്‍പ്പിന് ചിലര്‍ ശ്രമിച്ചത്.
വ്യാജരേഖക്കേസില്‍, എതിര്‍പക്ഷം ഫാ. മനത്തോടത്തിനെയും മൂന്ന് ബിഷപ്പുമാരേയും പ്രതിചേര്‍ത്തിരുന്നു. എന്നാല്‍, ഇവരെ കേസില്‍നിന്ന് ഒഴിവാക്കാമെന്ന് ധാരണയുണ്ടായി. ഇക്കാര്യം പരിഗണിക്കവേയാണ് ഹൈക്കോടതിയില്‍ ഒത്തുതീര്‍പ്പ് നിര്‍ദേശമുയര്‍ന്നത്.
വ്യാജരേഖ വിവാദത്തില്‍ അന്വേഷണം കേരള പോലീസില്‍നിന്നു മാറ്റി, ജുഡീഷ്യല്‍ കമ്മീഷനോ സിബിഐയോ അന്വേഷിക്കണമെന്ന് ഔദ്യോഗിക പക്ഷം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ കഴിഞ്ഞ ഞായറാഴ്ച കുര്‍ബാനയില്‍ സഭയുടെ കീഴിലുള്ള പള്ളികളിലെല്ലാം പ്രാര്‍ഥനയ്‌ക്കിടെ, സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന വിശദീകരണം ഔദ്യോഗികമായി വായിച്ചു. ഹൈക്കോടതിയില്‍ ഔദ്യോഗിക പക്ഷത്തിനായി വാദിച്ച അഭിഭാഷകന്‍ നിരത്തിയ വാദങ്ങള്‍, രേഖകള്‍ വ്യാജമെന്ന മറുപക്ഷത്തിന്റെ വാദം ദുര്‍ബലപ്പെടുത്തുന്നതുമായി. ഈ സാഹചര്യത്തില്‍ കര്‍ദിനാള്‍ പക്ഷമാണ് ധാരണയെന്ന നിലപാടുയര്‍ത്തിയത്.
പക്ഷേ, ഒരു ധാരണയ്‌ക്കും തയാറല്ലെന്നാണ് കര്‍ദിനാള്‍ വിരുദ്ധ പക്ഷം പറയുന്നത്. മാത്രമല്ല, 28 പേജുള്ള തെളിവ് രേഖകളില്‍ നാലു പേജിലെ വിവരങ്ങള്‍ മാത്രമാണ് കര്‍ദിനാള്‍ പക്ഷം നിഷേധിക്കുന്നതെന്ന് അവര്‍ പറയുന്നു. സാമ്പത്തിക ഇടപാടിലെ ബാങ്ക് അക്കൗണ്ട് രേഖകളില്‍ പറയുന്ന പേരുകള്‍ മെത്രാന്മാരുടേതല്ലെന്നാണ് വാദം. എന്നാല്‍, സാമ്പത്തിക നിക്ഷേപങ്ങള്‍, നിക്ഷേപമുള്ള സ്ഥാപനങ്ങളുടെ യോഗങ്ങൡല്‍ പങ്കെടുത്തതിന്റെ തെളിവുകള്‍ തുടങ്ങിയ ഒട്ടേറെ രേഖകളുണ്ട്. ഇവ വേണ്ടിവന്നാല്‍ പരസ്യമാക്കാമെന്നാണ് കര്‍ദിനാള്‍ വിരുദ്ധ പക്ഷത്തിന്റെ തീരുമാനം.
അതിരൂപതയ്‌ക്ക് സംസ്ഥാന പോലീസില്‍ വിശ്വാസമില്ല. വ്യാജരേഖ കേസില്‍ കള്ളത്തെളിവുണ്ടാക്കാന്‍ ആരുടെയോ നിര്‍ദേശ പ്രകാരം പോലീസ് പ്രവര്‍ത്തിക്കുന്നുവെന്നാണ് ആക്ഷേപം. രാഷ്‌ട്രീയ ഇടപെടലുകള്‍ ഉണ്ടെന്നും ഔദ്യോഗിക പക്ഷം പറയുന്നു.
















