മലപ്പുറം: ഐഎസ് ഭീകരര്‍ ബോട്ടില്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ മലപ്പുറം ജില്ലയുടെ തീരപ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കി. പൊന്നാനി തീരദേശ പോലീസിന്റെ നേതൃത്വത്തിലാണ് തെരച്ചില്‍.
സംശയാസ്പദമായ സാഹചര്യങ്ങളിലുള്ള മുഴുവന്‍ ബോട്ടുകളും പരിശോധിക്കുന്നു. സംസ്ഥാനത്തിന്റെ കളര്‍ കോഡില്ലാത്ത ബോട്ടുകള്‍ വിശദമായ പരിശോധനയ്‌ക്ക് ശേഷമാണ് വിട്ടയയ്‌ക്കുന്നത്. വെള്ള നിറത്തിലുള്ള ബോട്ടിലാണ് സംഘം യാത്ര ചെയ്യുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. കൂടാതെ കോസ്റ്റ്ഗാര്‍ഡും നേവിയും പരിശോധനയുമായി രംഗത്തുണ്ട്.
കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ലക്ഷദ്വീപില്‍ നിന്നുള്ള ഒരു ബോട്ട് പിടികൂടിയിരുന്നു. പൊന്നാനി സ്വദേശിയായ ഒരു തൊഴിലാളി ഈ ബോട്ടിലുണ്ടായിരുന്നു. ഇയാളെക്കുറിച്ച് വിശദമായി അന്വേഷണം നടത്താന്‍ തീരദേശ പോലീസിന് നിര്‍ദേശം ലഭിച്ചു.
തീരനിരീക്ഷണം ശക്തിപ്പെടുത്താന്‍ കടലോര ജാഗ്രതാസമിതിക്കും നിര്‍ദേശം നല്‍കി. തീരത്ത് സംശയാസ്പദമായ സാഹചര്യങ്ങളില്‍ ബോട്ടുകള്‍ നങ്കൂരമിട്ടാലും അപരിചിതരായ ആളുകളെ കണ്ടാലും ഉടന്‍ തീരദേശ പോലീസിനെ അറിയിക്കണമെന്നാണ് പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശം.
















