നാരദജയന്തി പുരസ്‌കാരം ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബുവിന് സമ്മാനിക്കുന്നു
ആലപ്പുഴ: ദേശീയതയിലൂന്നിയ മാധ്യമപ്രവര്‍ത്തനമാണ് സ്വാതന്ത്ര്യസമരകാലം മുതല്‍ ഭാരതത്തിലുണ്ടായിരുന്നതെന്നും അതില്‍ നിന്നുള്ള വ്യതിയാനം സമൂഹത്തേയും മാധ്യമ മേഖലയെയും ശോഷിപ്പിക്കുമെന്നും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി വി. മഹേഷ്. വിശ്വസംവാദകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നാരദജയന്തി പുരസ്‌കാര സമര്‍പ്പണ യോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോര്‍പ്പറേറ്റ്, മത, രാഷ്‌ട്രീയ ഭീമന്മാരുടെ സ്വാധീനം മാധ്യമ മേഖലയെ സ്വാധീനിക്കുകയാണ്. ഇത് മാധ്യമപ്രവര്‍ത്തനത്തെ തകര്‍ക്കും. ധര്‍മം, സത്യം, നീതി ഇവയായിരിക്കണം മാധ്യമരംഗത്ത് ശോഭിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നാരദജയന്തി പുരസ്‌കാരം ഡോ. അമ്പലപ്പുഴ ഗോപകുമാറും മണ്ണാറശാല വാസുദേവന്‍ നമ്പൂതിരി അനുസ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡ് മണ്ണാറശാല രാമന്‍ നമ്പൂതിരിയും ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബുവിന് സമ്മാനിച്ചു. ഡോ.ഡി. രാധാകൃഷ്ണപിള്ള അധ്യക്ഷനായി. ജെ. മഹാദേവന്‍, കെ.ആര്‍. സുബ്രഹ്മണ്യന്‍, ജി. ഹരികൃഷ്ണന്‍, ബി. സുജാതന്‍, ഫിലോപ്പോസ് തത്തംപള്ളി തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി. രൂപേഷ്‌കുമാര്‍ സ്വാഗതവും എച്ച്. വരുണ്‍ നന്ദിയും പറഞ്ഞു.
















