നാസികിലെ അഗ്നിഹോത്രി വിഭാഗത്തില്‍ പെട്ട ബ്രാഹ്മണനായിരുന്നു മൂലേ ശാസ്ത്രി. ജോതിശ്ശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും അഗ്രഗണ്യനായിരുന്നു അദ്ദേഹം. ശാസ്ത്രി ഒരിക്കല്‍ ബാബു സാഹെബ് ബൂട്ടിയെ കാണാന്‍ ഷിര്‍ദിയിലെത്തി. നാഗ്പൂരിലെ കോടീശ്വരനായിരുന്നു ബാബാ ഭക്തനായ ബൂട്ടി.
സുഹൃദ്‌സന്ദര്‍ശനം കഴിഞ്ഞ് ബൂട്ടിക്കൊപ്പം ശാസ്ത്രി ദ്വാരകാമായിയിലെത്തി.
ബാബയുടെ കൈരേഖ പരിശോധിക്കുകയായിരുന്നു ശാസ്ത്രിയുടെ ലക്ഷ്യം. കൈനീട്ടാന്‍ പറഞ്ഞെങ്കിലും ബാബ വിസമ്മതിച്ചു. പകരം നാലു വാഴപ്പഴങ്ങള്‍ ശാസ്ത്രിക്കു നല്‍കി.
ബാബ ഭക്തര്‍ക്ക് പഴങ്ങള്‍ നല്‍കുന്ന രീതി വളരെ വിചിത്രമാണ്. മാമ്പഴമാണെങ്കില്‍ അത് തൊലി പൊ
ട്ടാതെ ഉടച്ച് ജ്യൂസ് പരുവത്തിലാക്കിയാണ് നല്‍കുക. വാഴപ്പഴമാണെങ്കില്‍ അതിന്റെ തൊലി ഉരിഞ്ഞ ശേഷം നല്‍കും. തൊലി ബാബ കൈയില്‍ സൂക്ഷിക്കും.
ശാസ്ത്രിക്ക് പഴം നല്‍കിയതും തൊലി ഉരിഞ്ഞായിരുന്നു. അദ്ദേഹം അതു സ്വീകരിച്ച് ബൂട്ടിയോടൊപ്പം വിശ്രമസ്ഥലത്തേക്ക് പോയി. പഴം കഴിക്കാതെ അവിടെ വെച്ചു. പിന്നീട് കുളി കഴിഞ്ഞ് അഗ്നിഹോത്രം പോലുള്ള പതിവു കര്‍മങ്ങളില്‍ വ്യാപൃതനായി.
ദ്വാരകാമായിയിലെത്തിയ ഭക്തരെ കണ്ട ശേഷം ബാബ തൊട്ടരികെയുള്ള ലണ്ഡിബാഗിലേക്ക് നടന്നു. അവിടെയെത്തി പൂക്കളെ പരിചരിക്കാന്‍ ബാബയ്‌ക്ക് ഏറെ ഇഷ്ടമായിരുന്നു.
ദ്വാരകാമായിയില്‍ മധ്യാഹ്ന ആരതിക്കുള്ള നേരമായി. ബാബ തിരിച്ചെത്തി. ബൂട്ടിയും ദ്വാരകാമായിയിലേക്ക് പുറപ്പെട്ടു. തനിക്കൊപ്പം വരുന്നോയെന്ന് അദ്ദേഹം ശാസ്ത്രിയോട് ചോദിച്ചു. ഇപ്പോഴില്ല, ഉച്ചകഴിഞ്ഞുവരാമെന്നായിരുന്നു മറുപടി.
ഭക്തര്‍ ബാബയെ ആരതിയുഴിഞ്ഞു. ഭജനങ്ങള്‍ പാടി. അതിനിടയില്‍ ബാബ, ബൂട്ടിയെ വിളിച്ച് , നാസികില്‍ നിന്ന് വന്ന ആ ശാസ്ത്രിയോട് ചെന്ന് ദക്ഷിണ തരാന്‍ പറയൂ എന്നു പറഞ്ഞു. ശാസ്ത്രിയെ കണ്ട് ബൂട്ടി വിവരം പറഞ്ഞു. ‘ ഞാനെന്തിന് ദക്ഷിണ തരണം? ബാബ ദിവ്യനായിരിക്കാം. എന്നു കരുതി ഞാന്‍ അദ്ദേഹത്തിന്റെ അനുചരനൊന്നുമല്ല.’ പരിഹാസ രൂപേണയായിരുന്നു ശാസ്ത്രിയുടെ മറുപടി. ജാതിയിലെ വരേണ്യത അദ്ദേഹത്തെ അന്ധനാക്കിയിരുന്നു. പക്ഷേ ബൂട്ടിയെ പോലൊരു കോടീശ്വരനെ വിട്ട് ബാബ ദക്ഷിണ ചോദിച്ചതല്ലേ. അതു കൊടുത്തേക്കാം എന്നു കരുതി ബൂട്ടിയ്‌ക്കൊപ്പം ശാസ്ത്രിയും ബാബയുടെ സന്നിധിയിലെത്തി. ദ്വാരകാമായിക്ക് അകത്തു കയറാതെ അദ്ദേഹം ദൂരെ നിന്ന് പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു.
പുഷ്പങ്ങളര്‍പ്പിച്ച് നോക്കിയപ്പോള്‍ ദൂരെ ഇരിപ്പിടത്തില്‍ കണ്ടത് ബാബയെ അല്ല. മരിച്ചു പോയ പ്രിയഗുരു ഖോലാപ് സ്വാമിയെയായിരുന്നു. കാവിവസ്ത്രധാരിയായി തന്റെ ആരാധ്യദേവനിരിക്കുന്നു. സ്വപ്‌നമാണോ എന്ന് അദ്ദേഹം ശങ്കിച്ചു. ഓടി ബാബയുടെ കാല്‍ക്കലെത്തി. സ്വയം മറന്ന് ശാസ്ത്രികള്‍ തന്റെ ഗുരുവിന്റെ നാമം ഉരുവിടാന്‍ തുടങ്ങി. ആരതിയുഴിഞ്ഞ് ബാബാ ഭജനത്തില്‍ മുഴുകിയിരുന്നവര്‍ കാര്യമെന്തെന്നറിയാതെ വിസ്മയിച്ചു. ശാസ്ത്രിയുടെ അഹന്തയെല്ലാം അവിടെ തീര്‍ന്നു. ബാബയുടെ മഹത്വമെന്തെന്ന് അനുഭവിച്ചറിഞ്ഞു.















