കൊച്ചി: കൊച്ചിയിലെ കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു.വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ടതാണ് പിരിച്ചുവിടല്‍ മരവിപ്പിക്കാന്‍ കാരണം.
ഈ മാസം ആറിന് തിരുവനന്തപുരത്ത് തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനമുണ്ടാകും.കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നതുവരെ തല്‍സ്ഥിതി തുടരാന്‍ തീരുമാനമായി.പ്രശ്നപരിഹാരം ഉണ്ടാകുന്നത് വരെ ജീവനക്കാര്‍ക്ക് പഴയതുപോലെ ഓഫീസില്‍ എത്താമെന്നും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് ആസ്ഥാനമായ മെഡിക്കല്‍ കോഡിംഗ് സ്ഥാപനമാണ് കോറോ ഹെല്‍ത്ത്.യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് കമ്പനി തൊള്ളായിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടത്. കേരളത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകള്‍ അടക്കുകയും ചെയ്തു.
വെളളിയാഴ്ച രാവിലെ ജീവനക്കാര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് പിരിച്ചുവിടല്‍ അറിഞ്ഞത്. പിരിച്ചുവിടുന്നത് സംബന്ധിച്ച് ജീവനക്കാര്‍ക്ക് യാതൊരുവിധ മുന്നറിയിപ്പും നല്‍കിയിരുന്നില്ല.
മൂന്നു മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. എന്നാല്‍, തൊഴില്‍ മന്ത്രിയും ഉമാ തോമസ് എം എല്‍ എയും ഇടപെട്ടതോടെ കൂട്ടപ്പിരിച്ചുവിടല്‍ മരവിപ്പിക്കുകയായിരുന്നു.











