അരിസോണ: ഇന്ത്യന്‍ വ്യോമസേനയുടെ ശക്തി വര്‍ധിപ്പിക്കാന്‍ അപ്പാചെ ഗാര്‍ഡിയന്‍ അറ്റാക് ഹെലികോപ്റ്റര്‍. അമേരിക്കയിലെ അരിസോണയിലുള്ള ഹെലികോപ്റ്റര്‍ നിര്‍മാണ ശാലയില്‍ നിന്നും ഇന്ത്യന്‍ വ്യോമസേനയ്‌ക്കായുള്ള ആദ്യ അപ്പാചെ ഗാര്‍ഡിയന്‍ അറ്റാക് ഹെലികോപ്റ്റര്‍ അധികൃതര്‍ ഏറ്റുവാങ്ങി.
ജൂലൈയോടെ കടല്‍മാര്‍ഗ്ഗം ബാക്കി ഹെലികോപ്റ്ററുകളും ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അലബാമയില്‍ വച്ച് പ്രത്യേക പരിശീലനം നല്‍കിക്കഴിഞ്ഞു. 2015 സെപ്റ്റംബറിലാണ് 22 അപ്പാചെ ഗാര്‍ഡിയന്‍ അറ്റാക് ഹെലികോപ്റ്ററിന് വേണ്ടി ഇന്ത്യ കരാര്‍ ഒപ്പിട്ടത്.
വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ശേഷിയുടെ ആധുനിക വത്കരണം ലക്ഷ്യമിട്ടാണ് അപ്പാച്ചെ ഗാര്‍ഡിയന്‍ അറ്റാക് ഹെലികോപ്റ്ററുകള്‍ വാങ്ങിയത്. ആകാശത്ത് ദൂരം പാലിച്ച് കൃത്യമായി ആക്രമണം നടത്താന്‍ ഈ ഹെലികോപ്റ്ററുകള്‍ക്ക് സാധിക്കും. പര്‍വ്വത മേഖലകളില്‍ ഇവ കൂടുതല്‍ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ.
പ്രതികൂലമായ വ്യോമസാഹചര്യങ്ങളെ അനായാസം അതിജീവിച്ച് ഭൂമിയില്‍ നിന്നുള്ള ഭീഷണികളെ നേരിടാന്‍ ഈ ഹെലികോപ്റ്ററുകള്‍ക്ക് സാധിക്കും. യുദ്ധമുഖത്ത് നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്താനും കൈമാറാനും ഇതിലൂടെ സാധിക്കും. ഭാവിയില്‍ കരസേനയ്‌ക്കും ഈ ഹെലികോപ്റ്ററുകള്‍ വളരെയേറെ ഉപകാരപ്പെടും.
















