ബെംഗളൂരു: മാധ്യമ സ്വാതന്ത്ര്യം പ്രസംഗിക്കുകയും മാധ്യമങ്ങളെ മോദി സര്‍ക്കാര്‍ അടിച്ചൊതുക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസും ദളും ഭരിക്കുന്ന കര്‍ണ്ണാടകയില്‍ നടക്കുന്നത് മാധ്യമ വേട്ട. ഒരു വര്‍ഷത്തിനിടെ കര്‍ണാടകയില്‍ അറസ്റ്റിലായത് 16 മാധ്യമപ്രവര്‍ത്തകര്‍. തട്ടിപ്പ്, ഭീഷണിപ്പെടുത്തി പണം തട്ടല്‍, വ്യാജവാര്‍ത്ത പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കൂടുതല്‍ പേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസുകളുടെ എണ്ണത്തിലെ വര്‍ധനയെ തുടര്‍ന്ന് സര്‍ക്കാര്‍ മാധ്യമ കേന്ദ്രം വിധാന്‍ സൗധ പരിസരത്ത് നിന്ന് വാര്‍ത്താ സൗധയിലേക്ക് മാറ്റാന്‍ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി തീരുമാനിച്ചു.
പ്രവര്‍ത്തനം നിലച്ച ഫോക്കസ് ചാനലിന്റെ എംഡി ഹേമന്ത് കമ്മറാണ് അവസാനം അറസ്റ്റിലായത്. മെയ് 5 നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വീഡിയോ ക്ലിപ്പ് കാട്ടി ഒരു നേതാവില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നതാണ് ഇദ്ദേഹത്തിനെതിരായ കേസ്. കേസില്‍ അന്വേഷണം തുടരുകയാണ്.
പ്രശസ്ത കന്നഡ വാര്‍ത്താചാനലായ ടിവി 9 ല്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന കിരണ്‍ ഷന്‍ഭാഗിനെയും 25 ലക്ഷം രൂപയുടെ തട്ടിപ്പ് കേസില്‍ അകത്താക്കിയിരിക്കുകയാണ്.
എസ്.എ ഹേമന്ത് കുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകനെയാകട്ടെ, കര്‍ണാടക ആഭ്യന്തര മന്ത്രി എം.ബി പാട്ടീല്‍ സോണിയാ ഗാന്ധിക്ക് എഴുതിയെന്ന് പറയപ്പെടുന്ന കത്ത് പ്രചരിപ്പിച്ചു എന്ന കേസിലാണ് അറസ്റ്റ് ചെയ്തത്.
ലിംഗായത്തിന് പ്രത്യേക മതപദവി നല്‍കണം എന്നാവശ്യപ്പെടുന്ന കത്ത് 2018 നിയസഭാ തെരഞ്ഞെടുപ്പില്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
അതേസമയം, കുമാറിന്റെ അറസ്റ്റ് രാഷ്‌ട്രീയ പ്രേരിതവും ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ്് ബിജെപി ആരോപണം.
















