ന്യൂദൽഹി: വ്യക്തിപരമായി അധിക്ഷേപിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്തുവെന്ന എഎപി സ്ഥാനാർത്ഥി അതിഷി മാർലെനയുടെ ആരോപണം നിഷേധിച്ച് ഗൗതം ഗംഭീർ. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കെജ്രിവാളും കൂട്ടരും സംഘടിപ്പിക്കുന്ന നാടകമാണിതെന്ന് ഗൗതം ഗംഭീർ ആരോപിച്ചു. ലഘുലേഖ വിതരണം ചെയ്തുവെന്ന ആരോപണം തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ തയാറാണെന്നും ഗൗതം ഗംഭീർ ട്വിറ്ററിൽ കുറിച്ചു.
അതേ സമയം എഎപി നേതാക്കൾക്കെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്യുമെന്നും ഗൗതം ഗംഭീർ വ്യക്തമാക്കി. അതിഷിയുടെ ആരോപണം ബിജെപി പാർട്ടി നേതൃത്വവും തള്ളിയിട്ടുണ്ട്. സ്വന്തം നേതാക്കളെ പാർട്ടിക്കാരെ ഉപയോഗിച്ച് ആക്രമിക്കാൻ മടിക്കാത്ത എഎപി, തെരഞ്ഞെടുപ്പിൽ വിജയിക്കാൻ എന്ത് മാർഗവും സ്വീകരിക്കുമെന്നും ബിജെപി വ്യക്തമാക്കി.
ഈസ്റ്റ് ദൽഹി മണ്ഡലത്തിലെ എഎപി സ്ഥാനാർത്ഥിയാണ് അതിഷി മാർലനെ. ഇതേ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് ഗൗതം ഗംഭീർ.
















