ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലേയ്‌ക്കാണ് വോട്ടെടുപ്പ്. സോണിയ മത്സരിക്കുന്ന റായ്ബറേലിയും സ്മൃതി ഇറാനിയും രാഹുലും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്ന അമേഠിയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ ലഖ്നൗവും ഇന്ന് പോളിങ് ബൂത്തിലെത്തും.
ഇത്തവണ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ളത് ഉത്തര്‍പ്രദേശിലാണ് 14 മണ്ഡലങ്ങള്‍. ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍.
പശ്ചിമബംഗാളിലെ ഹൗറയില്‍ വോട്ടിംഗ് മെഷീനിലെ തകരാറ് മൂലം ചില സ്ഥലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങാനായില്ല. അവസാന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെടുപ്പോടെ ബീഹാറിലെ വോട്ടെടുപ്പ് ഇന്ന് പൂര്‍ണമാകും. ഇതിന് പുറമെ ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ വോട്ടെടുപ്പും അഞ്ചാം ഘട്ടത്തോടെ പൂര്‍ത്തിയാകും. മെയ് 16നും 19നും രണ്ടു ഘട്ടങ്ങള്‍ കൂടിയാണ് ഇനി ബാക്കി.
ബീഹാറിലെ ഹാജിപൂര്‍, സരണ്‍, മധുബനി, മധ്യപ്രദേശിലെ ഖജുരാഹോ, സത്ന, വിദിശ, രാജസ്ഥാനിലെ ബിക്കാനീര്‍, സിക്കര്‍, ജയ്‌പൂര്‍ റൂറല്‍, ജയ്‌പൂര്‍, ആള്‍വാര്‍, യുപിയിലെ ഫത്തേപൂര്‍, കൗസംബി, ഫൈസാബാദ്, ബംഗാളിലെ ഹൗറ, ഹൂഗ്ലി, ഝാര്‍ഖണ്ഡിലെ റാഞ്ചി, കശ്മീരിലെ അനന്ത്നാഗ് എന്നിവിടങ്ങളാണ് ഇന്നു വിധിയെഴുതുന്ന പ്രധാന മണ്ഡലങ്ങള്‍. ജയ്‌പൂര്‍ റൂറലില്‍ കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ്, ഝാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ, രാജസ്ഥാനിലെ ബിക്കാനീറില്‍ കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ എന്നിവര്‍ ജനവിധി തേടുന്നു.















