ന്യൂദല്‍ഹി: മുന്‍പ് 1999ലെ ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ മരിച്ചത് പതിനായിരത്തിലേറെ പേരാണ്. രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം വീശിയടിച്ച അതിതീവ്രമായ ഫോനി ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ടത് വെറും 12 പേര്‍ക്ക്.
അതിശക്തമായ കൊടുങ്കാറ്റുണ്ടായിട്ടും ആയിരങ്ങളുടെ വിലപ്പെട്ട ജീവന്‍ രക്ഷിച്ചത് ശാസ്ത്ര രംഗത്ത് നാം നേടിയ വമ്പന്‍ പുരോഗതിയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മികച്ച ഏകോപനവും. കാലാവസ്ഥ കൃത്യമായ പഠിക്കാനും കാറ്റിന്റെയും മഴയുടെയും മറ്റും ഗതിവിഗതികള്‍ കൃത്യമായി കണ്ടെത്തി മുന്നറിയപ്പുകള്‍ നല്‍കാനും നമുക്കിപ്പോള്‍ കഴിയുന്നു. മുന്നറിയിപ്പുകള്‍ക്കനുസരിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച്, 12 ലക്ഷം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതിനാലാണ് മനുഷ്യജീവന്റെ നഷ്ടം തീരെക്കുറയ്‌ക്കാനായത്.
മരങ്ങള്‍ കടപുഴകിയും വീടുകള്‍ തകര്‍ന്നും വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. പ്രകൃതി ദുരന്ത മരണങ്ങള്‍ ഇല്ലാതാക്കുകയാണ് കാലാവസ്ഥാ വകുപ്പിന്റെ ലക്ഷ്യം. അതിനുള്ള മികച്ച മുന്നറിയിപ്പ് സംവിധാനം വര്‍ഷങ്ങള്‍ക്ക് കൊണ്ട് അവര്‍ വികസിപ്പിച്ചെടുത്തു. അവരുടെ അറിയിപ്പനുസരിച്ച് മൂന്നു ദിവസം കൊണ്ട് ഒഡീഷയിലും ആന്ധ്രയിലും ബംഗാളിലുമായി ലക്ഷങ്ങളെയാണ് ഒഴിപ്പിച്ചത്.
അതേസമയം, കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും പ്രളയം ദുരന്തം വരുത്തിവച്ച കേരളം, ഒഡീഷയെയും ആന്ധ്രയെയുമെല്ലാം മാതൃകയാക്കണം. കേന്ദ്രവും കാലാവസ്ഥാ വകുപ്പുമടക്കം നല്‍കിയ മുന്നറിയപ്പുകള്‍ കേരളം പാടെ അവഗണിച്ച് ഡാമുകളില്‍ വെള്ളം ശേഖരിച്ചു. ഒടുവില്‍ അവ വെള്ളം നിറഞ്ഞ് പൊട്ടുമെന്ന ഭീതി പരന്നപ്പോള്‍ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടു. അങ്ങനെ കേരളം പ്രളയത്തില്‍ മുങ്ങി. നൂറുകണക്കിനു പേര്‍ മരിച്ചു. ഫോനിയില്‍ പെടാതെ ആയിരങ്ങളുടെ ജീവനുകള്‍ രക്ഷിച്ചപ്പോള്‍ ഇവിടെ സര്‍ക്കാര്‍ ജനങ്ങളെ മുക്കിക്കൊന്നു.















