ബംഗളൂരു: വിവി പാറ്റ് വോട്ടിംഗ് യന്ത്രങ്ങള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ഇന്ത്യയ്‌ക്ക് കരാര്‍ നല്‍കി ദക്ഷിണാഫ്രിക്കന്‍ രാജ്യമായ നമീബിയ. നിലവിലുള്ള ഇലക്‌ട്രോണിക് യന്ത്രങ്ങള്‍ വിവിപാറ്റ് സംവിധാനത്തോടെ പരിഷ്‌കരിച്ച് നല്‍കാനും നമീബിയ ആവശ്യപ്പെട്ടിട്ടുണ്ട്.
നവംബറിന് മുമ്പ് ഇവ നല്‍കണമെന്നാണ് ആവശ്യം. 2014ല്‍ 6000 വോട്ടിംഗ് യന്ത്രങ്ങളാണ് ഇന്ത്യ നമീബിയയ്‌ക്ക് നല്‍കിയത്. പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡാണ് (ഭെല്‍) വോട്ടിംഗ് യന്ത്രങ്ങള്‍ നിര്‍മ്മിച്ചു നല്‍കുക. 2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭെല്‍ തന്നെയാണ് നമീബിയയ്‌ക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയത്.
ഒരു കോടി ഡോളറിന്റേതായിരുന്നു അന്നത്തെ കരാര്‍. ഇപ്പോള്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഭെല്‍ അധികൃതര്‍ വ്യക്തമാക്കി.
എന്താണ് വിവി പാറ്റ്?
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്ററാണ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്നറിയപ്പെടുന്ന വിവിപാറ്റ്. ഒരു വോട്ടര്‍ വോട്ടു ചെയ്യുമ്പോള്‍ വിവിപാറ്റിലും അത് ഒരു കടലാസു സ്ലിപ്പില്‍ അച്ചടിച്ചു വരും. വോട്ടര്‍ക്ക് ഇതു പരിശോധിച്ച്, തന്റെ വോട്ട് ശരിയായിത്തന്നെയാണോ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്താം. ഇതിന് ഏഴു സെക്കന്‍ഡ് നല്‍കും.
തുടര്‍ന്ന് ഈ സ്ലിപ്പ് മുറിഞ്ഞു വിപിപാറ്റ് മെഷീനോടു ചേര്‍ന്ന പെട്ടിയിലേക്കു വീഴും. സ്ലിപ് വീട്ടിലേക്കു കൊണ്ടു പോകാനാകില്ലെന്നു ചുരുക്കം. സ്ലിപ് വീഴുന്ന പെട്ടി തുറക്കാന്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കു മാത്രമേ കഴിയൂ. വോട്ടെടുപ്പു സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കം ഉയരുകയാണെങ്കില്‍ വിവിപാറ്റിലെ സ്ലിപ്പുകള്‍ എണ്ണാനും കഴിയും.
















