അപശൂദ്രാധികരണം തുടരുന്നു.
സൂത്രം – ശ്രവണാധ്യയനാര്‍ത്ഥ പ്രതിഷേധാത് സ്മൃതേശ്ച
കേള്‍ക്കുക, പഠിക്കുക, അര്‍ത്ഥഗ്രഹണം ചെയ്യുക എന്നിവയെ നിഷേധിച്ചിട്ടുള്ളതിനാലും സ്മൃതിയിലും അങ്ങനെ പറഞ്ഞിട്ടുള്ളതിനാലും ശൂദ്രന് വേദ വിദ്യയ്‌ക്ക് അധികാരമില്ല എന്ന് സൂത്രം പറയുന്നു.
യോഗ്യതയെ മാനദണ്ഡമാക്കി ശ്രുതി അധികാരഭേദത്തെ പറയുമ്പോള്‍ സ്മൃതി ഓരോ കാലഘട്ടത്തേയും വ്യവസ്ഥയെ പരിഗണിച്ചാണ് പ്രസ്താവന നടത്തുന്നത്.
സ്മൃതികള്‍ ഓരോ കാലഘട്ടത്തില്‍ രചിച്ചവയാണ്. ആ കാലഘട്ടത്തിലെ വ്യവസ്ഥകളാണ് അതില്‍ പറയുന്നത്. അത് എക്കാലത്തേക്കും ഉള്ളതാകണമെന്നില്ല.
ഇവിടെ ഗൗതമ സ്മൃതിയിലെ വാക്യങ്ങള്‍ ഉദ്ധരിച്ചാണ് ശൂദ്രന് വേദപഠനത്തിന് അധികാരമില്ല എന്ന് പറഞ്ഞത്. ഉപനയന സംസ്‌കാരമില്ലാത്തതിനാലാണ് വേദാധികാരം നിഷേധിക്കുന്നത്.
അത്രയും പരിശുദ്ധമായി കരുതിയിരുന്ന അറിവ് അതിന് യോഗ്യത ഇല്ലാത്തവരുടെ കയ്യില്‍ എത്തുന്നതിനെ ഭയപ്പെട്ടിരുന്നു എന്നും അത് അര്‍ഹരല്ലാത്തവരുടെ കൈകളില്‍ എത്തുന്നത് തടഞ്ഞിരുന്നു എന്നും വേണം കരുതാന്‍.
ഇത് ഉന്നത ബിരുദം നേടുന്നതിന് യോഗ്യതാ പരീക്ഷ ജയിക്കണമെന്ന് ഇക്കാലത്ത് പറയും പോ
ലെയാണ്. പത്താംതരം ജയിച്ചവനേ ഉയര്‍ന്ന പഠനത്തിന് യോഗ്യതയുള്ളൂ. ഇതു പോലെ അക്കാലത്ത് നിലനിന്നിരുന്ന വ്യവസ്ഥയാണിത്.
എന്നാല്‍ വിദുരര്‍, ധര്‍മ്മവ്യാധന്‍ തുടങ്ങിയവര്‍ക്ക് പൂര്‍വ്വജന്മ സംസ്‌കാരമനുസരിച്ച് ജ്ഞാനം ഉണ്ട് അതുകൊണ്ട് അവര്‍ ജ്ഞാനികളായി.
ജ്ഞാനം ഫലം കൊടുക്കാന്‍ ശക്തിയുള്ളതാണ്. സൂര്യോദയത്തില്‍ ഇരുട്ട് നീങ്ങുന്നതു പോ
ലെ ജ്ഞാനം വരുമ്പോള്‍ അജ്ഞാനം നീങ്ങും.ശൂദ്രന് സ്മൃതിയില്‍ അധികാരമുണ്ടെങ്കിലും ശ്രുതിയില്‍ അതില്ലെന്ന് കാണിച്ച് ഈ അധികരണം അവസാനിപ്പിക്കുന്നു.
ഒട്ടേറെ വിവാദങ്ങള്‍ക്ക് വിഷയമായതാണ് ഈ അധികരണത്തിലെ വിഷയം.ഇത് അക്കാലത്തെ വ്യവസ്ഥയെ മുന്‍നിര്‍ത്തി എഴുതിയതാണെന്ന് വേണം കരുതാന്‍. ഇതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഇക്കാര്യം പറഞ്ഞു കൊണ്ട് ആധുനിക കാലത്തുപോലും കലഹിക്കുന്നുണ്ട്. വര്‍ണ്ണവ്യവസ്ഥ ജാതി വ്യവസ്ഥയായി മാറിയ കാലത്ത് ഇതിന് വലിയ പ്രാധാന്യം കൊടുത്തു കാണണം. എന്നാല്‍ ഇപ്പോള്‍ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല.
ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി ഗുണം, കര്‍മ്മം എന്നിവ അടിസ്ഥാനമാക്കിയാണ് എന്ന് ഭഗവാന്‍ ഗീതയില്‍ പറയുന്നുമുണ്ട്. ജന്മം അതിന് ആധാരമേയല്ല. സനാതന ധര്‍മ്മത്തെ തെറ്റായി പ്രചരിപ്പിക്കുന്നവരാണ് ഇക്കാലത്തും ഇതിന്റെ പേരില്‍ അനുകൂലമായും പ്രതികൂലമായും പറഞ്ഞ് മുതലെടുപ്പ് നടത്തുന്നത്.
ശങ്കരാചാര്യസ്വാമികള്‍ ഇതിന് ഭാഷ്യ മെഴുതിയത് അക്കാലത്ത് നിലനിന്നിരുന്ന വ്യവസ്ഥിതിയ്‌ക്കനുസരിച്ചാണ്.അദ്ദേഹത്തിന്റെ അഭിപ്രായം അതില്‍ പറഞ്ഞു എന്ന് കരുതാനാവില്ല. മനീഷാ പഞ്ചകം, ഉപദേശസാഹസ്രി എന്നിവയില്‍ അദ്ദേഹം തന്റെ അഭിപ്രായത്തെ വ്യക്തമാക്കിയിട്ടുണ്ട്. സംസാരത്തില്‍ പെട്ട് നട്ടം തിരിയുന്ന ഏത് ജീവനും വേദശാസ്ത്ര പഠനം ആകാമെന്നാണ് അദ്ദേഹം പറയുന്നത്. അജ്ഞാനത്തില്‍ പെട്ടുഴലുന്ന എല്ലാ ജീവന്മാര്‍ക്കും ബ്രഹ്മ വിചാരം ചെയ്യാന്‍ അവസരമുണ്ട്.
ചണ്ഡാലനിലും ബ്രാഹ്മണനിലും ഒരേ ദിവ്യത്വം തന്നെയാണ് സ്ഥുരിക്കുന്നത് എന്ന് അദ്ദേഹവും ജ്ഞാനികളും വ്യക്തമാക്കിയിട്ടുണ്ട്.
ഇനി ബ്രഹ്മസൂത്രകാരനായ വേദവ്യാസമഹര്‍ഷിയെ എടുക്കുമ്പോള്‍ അദ്ദേഹം മുക്കുവ സ്ത്രീയില്‍ ജന്മം കൊണ്ട് ബ്രാഹ്മണ്യം നേടിയ മഹാത്മാവാണ്.അദ്ദേഹത്തെ പോലെ ഒരാള്‍ ഇതെഴുതുമ്പോള്‍ ശൂദ്രത്വം എന്നതിന് തമോഗുണ പ്രധാനിയായത് എന്ന അര്‍ത്ഥം തന്നെയാണ് വരേണ്ടത്.തമോഗുണ പ്രധാനിയായ ഒരാള്‍ക്ക് വേദപഠനം പോയിട്ട് ലൗകിക വിഷയങ്ങള്‍ പോലും വേണ്ട വിധം പഠിക്കാനാവില്ല.
ആര്‍ക്കാണോ വേദം പഠിക്കാന്‍ താല്പര്യമുള്ളത് , ഇക്കാലത്ത് അതിന് വളരെ സൗകര്യമുണ്ട്. വൈദിക വിധിപ്രകാരമുള്ള കര്‍മ്മങ്ങളെ പഠിക്കാനും
അനുഷ്ഠിക്കാനും ദീര്‍ഘദൃഷ്ടികളായ മഹാത്മാക്കള്‍ ഭാരതത്തില്‍ പലയിടത്തും വേദപഠനകേന്ദ്രങ്ങള്‍ ആരംഭിക്കുകയും പലതും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. വേദാന്തപഠനത്തിനും
അതേപോലെ അവസരമുണ്ട്. ഇവിടെയൊന്നും ജാതിയോ മതമോ ഒന്നും നോക്കിയല്ല പഠിപ്പിക്കുന്നത്. പഠിക്കാന്‍ വരുന്നയാളുടെ തമോഗുണ പ്രധാനമായ ശൂദ്രത്വം പോകണം, സത്വഗുണ പ്രധാനമായ ബ്രാഹ്മണത്വം ഉണരണം എന്നാലേ പഠനം നടക്കൂ.അതിന് ഉപനയന സംസ്‌കാരം ഉള്‍പ്പെടെ പഠിതാക്കള്‍ക്ക് നടത്താറുമുണ്ട്.
എന്നാല്‍ ഇതൊക്കെ അറിഞ്ഞിട്ടും ബോധപൂര്‍വ്വം സനാതന ധര്‍മ്മത്തെ ചൊറിഞ്ഞ് രസിക്കാനും
ഇലയില്‍ ചവിട്ടി വഴക്കുണ്ടാക്കാനുമാണ് ചിലര്‍ക്കൊക്കെ താല്പര്യം. അവരോട് പറയാനുള്ളത് വേല കൈയില്‍ വെച്ചാല്‍ മതി ,ആ പരിപ്പ് വേവില്ല എന്ന് തന്നെയാണ്.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം
















