എല്ലാവരോടും യാത്ര പറഞ്ഞ് വനവാസത്തിന് ഇറങ്ങുകയായി രാമന്‍. കൈകേയിയോട് യാത്രപറയവേ, അത്യന്തം ദു:ഖിതനായി തീര്‍ന്ന തന്റെ അച്ഛനെ ശ്രദ്ധാപൂര്‍വം പരിചരിക്കണമെന്ന് രാമന്‍ പ്രത്യേകം ഓര്‍മപ്പിച്ചു.
സത്യസംരക്ഷണത്താല്‍ നിന്റെ അച്ഛന്‍ കീര്‍ത്തിമാനായി തീര്‍ന്നുവെന്നായിരുന്നു കൈകേയിയുടെ മറുപടി. പിതാവിന്റെ ആവശ്യം പ്രതിഷേധത്തിന്റെ ചെറിയൊരു സ്വരം പോലും ഉയര്‍ത്താതെ അനുസരിച്ച ശ്രീരാമനെയും കൈകേയി പ്രകീര്‍ത്തിച്ചു. അമ്മയായ കൗസല്യയോടും രാമന്‍ ആവശ്യപ്പെട്ടത് അച്ഛനെ പരിപാലിക്കണമെന്നായിരുന്നു. അച്ഛനെ ആശ്വസിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാം, നീ സീതയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുകൊള്ളുകയെന്നായിരുന്നു കൗസല്യ മകനു നല്‍കിയ നിര്‍ദേശം. ദു:ഖാര്‍ത്തനായി നിന്ന അച്ഛനോട് യാത്ര ചോദിക്കുമ്പോള്‍ ശ്രീരാമചന്ദ്രന് മനമിടറി.
രാജ്യഭരണം ഭരതനെ ഏല്‍പ്പിച്ച് വിശ്രമിക്കാന്‍ ദശരഥനോട് രാമന്‍ പറഞ്ഞു. ദശരഥന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘നിന്റെ മാതാവിന് അല്ലലൊന്നും വരാതെ ഞാന്‍ സംരക്ഷിക്കാം. അതുപോലെ ലക്ഷ്മണകുമാരനേയും സീതയേയും നീ കാത്തുകൊള്ളുക. ലക്ഷ്മണാ നിന്റെ ജ്യേഷ്ഠനേയും ജ്യേഷ്ഠത്തിയേയും നീ എപ്പോഴും പരിചരിക്കുക. മകളേ സീതേ, പതിവ്രതാധര്‍മം പരിപാലിക്കുന്ന നിന്നെയോര്‍ത്ത്് ഞാന്‍ അഭിമാനിക്കുന്നു. നിങ്ങള്‍ക്കായി സര്‍വമംഗളങ്ങളം നേരുന്നു.’
മാതാക്കളേയും പിതാവിനേയും ഗുരുജനങ്ങളേയും യഥായോഗ്യം വന്ദിച്ച് സീതയും രാമലക്ഷ്മണന്മാരും യാത്രപറഞ്ഞിറങ്ങി. രാജഗോപുരഥത്തില്‍ രഥം തയ്യാറാക്കി നിര്‍ത്തിയിരുന്നു സുമന്ത്രന്‍. വലിയൊരു ജനാവലി അവിടെ തിങ്ങിക്കൂടിയിരുന്നു. ശ്രീരാമന്‍ തേരിലേറി തൊഴുകൈയോടെ അയോധ്യാവാസികളോട് യാത്രപറഞ്ഞു.
പൗരപ്രമുഖര്‍ താങ്ങാനാവാത്ത ദു:ഖത്തോടെ രാമനോട് ചോദിച്ചു;’ അങ്ങെന്താണീ ചെയ്യുന്നത്. എന്തൊരു വേഷമാണിത്? അങ്ങല്ലേ ഞങ്ങളുടെ മഹാരാജാവാകേïത്. അങ്ങ് ഞങ്ങളെ ഉപേക്ഷിച്ച് സംന്യാസം സ്വീകരിക്കുകയാണോ? ‘
നിങ്ങളെ ഉപേക്ഷിക്കുകയല്ല, അച്ഛന്റെ സത്യകല്പന നിര്‍വഹിക്കുകയാണ് താനെന്ന് രാമന്‍ അവരോടായി പറഞ്ഞു. അനന്തരാവകാശിയെ തള്ളാനും കൊള്ളാനുമുള്ള അധികാരം രാജാവിനല്ല പൊതുജനങ്ങള്‍ക്കാണെന്നായിരുന്നു ജനസഞ്ചയത്തിന്റെ വാദം. വാദപ്രതിവാദങ്ങള്‍ ഏറി വന്നപ്പോള്‍ കൈകേയീറാണിയാണ് രാമന്റെ വനവാസത്തിനും ഭരതന്റെ കിരീടധാരണത്തിനും കാരണക്കാരിയെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു.
എന്നാല്‍ കൈകേയി തെറ്റുകാരിയല്ലെന്നും വരം ഉപേയാഗപ്പെടുത്തിയത് തെറ്റാകുന്നത് എങ്ങനെയെന്നും രാമന്‍ ചോദിച്ചു. ക്ഷോഭിക്കാതെ ശാന്തരാകാന്‍ രാമന്‍ ജനളോടു പറഞ്ഞു. ‘ശാന്തരാകാം, പക്ഷേ അങ്ങേയ്‌ക്കൊപ്പം ഞങ്ങളും വരു’മെന്ന്് അയോധ്യയിലെ ജനങ്ങള്‍ ശഠിച്ചു. ശ്രീരാമന്‍ അവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. . രഥം മുന്നോട്ടു നീ്്്ങ്ങി. രണ്ടു യോജന ദൂരം അന്ന്് അവര്‍ യാത്ര ചെയ്തു. സമയം സന്ധ്യയായതോടെ ആള്‍പ്പാര്‍പ്പില്ലാത്ത, ദുഷ്ടമൃഗങ്ങള്‍ വസിക്കുന്ന, വൃക്ഷങ്ങളാല്‍ നിബിഡമായ ഒരിടത്ത് അവര്‍ എത്തിച്ചേര്‍ന്നു. വിലക്കിയിട്ടും രാമനൊപ്പം സഞ്ചരിച്ച ജനക്കൂട്ടവും രാമലക്ഷ്മണന്മാരും സീതയും ആ രാത്രി അവിടെ വിശ്രമിക്കാന്‍ തീരുമാനിച്ചു. എല്ലാവരും ഗാഢനിദ്രയിലായി. പാതിരാത്രി കഴിഞ്ഞു. ഉറക്കമില്ലാതെ കിടന്ന രാമന്‍ ഭാവിപരിപാടികളെ കുറിച്ച് ചിന്തയിലാണ്ടു.
















