ജയ്പ്പൂര്‍: സമസ്ത മേഖലകളിലും കളിക്കാര്‍ മിന്നത്തിളങ്ങിയതാണ് രാജസ്ഥാന് റോയല്‍സിനെതിരെ അനായാസ വിജയം സമ്മാനിച്ചതെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന് ദിനേശ്് കാര്‍ത്തിക്ക്.
ബൗളര്‍മാര്‍ ഭംഗിയായി പന്തെറിഞ്ഞു. ബാറ്റ്സ്മാന്മാരും തിളങ്ങിയതോടെ ടീമിന് വിജയം സ്വന്തമായെന്ന് ദിനേശ് കാര്‍ത്തിക് പറഞ്ഞു. എട്ടുവിക്കറ്റിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാന് റോയല്‍സിനെ തോല്‍പ്പിച്ചത്. ഈ വിജയത്തോടെ അഞ്ചു മത്സരങ്ങളിലല് എട്ട് പോയിന്റുമായി കൊല്‍ക്കത്ത മുന്നിലെത്തി.
ജയ്പ്പൂരിലെ വേഗം കുറഞ്ഞ പിച്ചില്‍ രാജസ്ഥാന് റോയല്‍സ് മുന്നോട്ടുവച്ച 140 റണ്‍സ് വിജയലക്ഷ്യം അത്ര എളുപ്പമായിരുന്നില്ല. പക്ഷെ കൊല്‍ക്കത്തയുടെ ഓപ്പണര്‍മാരായ ക്രിസ് ലിന്നും സുനില്‍ നരെയ്നും തകര്ത്തിടച്ചതോടെ കൊല്‍ക്കത്ത വിജയവഴിയിലായി. ആദ്യ അഞ്ച് ഓവറില്‍ ഇവര്‍ 54 റണ്‍സാണ് വാരിക്കൂട്ടിയത്.
ആദ്യ വിക്കറ്റില്‍ ഇവര്‍ 8.3 ഓവറില്‍ 91 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. നരെയ്ന് 25 പന്തില്‍ ആറു ഫോറും മൂന്ന് സിക്സറും അടിച്ച് 47 റണ്‍സ് കുറിച്ചു. ക്രിസ് ലിന് അമ്പത് തികച്ചാണ് മടങ്ങിയത്. 32 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സറും അടിച്ചു. 6.1 ഓവര്‍ ശേഷിക്കെ കൊല്‍ക്കത്ത ലക്ഷ്യം കണ്ടു.അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സ് നേടാന്‍ കഴിയാതെ പോയതാണ് തോല്‍വിക്ക് കാരണമെന്ന് രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ രഹാനെ പറഞ്ഞു. പത്തിരുപത് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ കളി മാറിയേനെ. ജയ്പ്പൂരിലെ വിക്കറ്റില്‍ 160 റണ്‍സ് നേടിയാല്‍ വിജയം ഉറപ്പിക്കാമായിരുന്നെന്ന് രഹാനെ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: