ന്യൂദല്‍ഹി: കാത്തിരിപ്പ് അവസാനിക്കുകയാണ്. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ കുപ്പായമണിയുന്നവരെ ഒരാഴ്ചയ്ക്കുളളില്‍ അറിയാം. ഐസിസി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പതിനഞ്ചിന് പ്രഖ്യാപിക്കും. ലോകകപ്പ് നേടാന്‍ സാധ്യതയുളള ടീമുകളിലൊന്നാണ് ഇന്ത്യ. ഇംഗ്ലണ്ടില്‍ മെയ് 30ന് ലോകകപ്പ് ആരംഭിക്കും.
എം.എസ്.കെ. പ്രസാദ് ചെയര്‍മാനായ സെലക്ഷന് കമ്മിറ്റി 15ന് മുംബൈയില്‍ യോഗം ചേര്‍ന്നാണ് പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിക്കുക. ഇതിന് മുന്നോടിയായി തിങ്കളാഴ്ച സെലക്ഷന് കമ്മിറ്റി മുംബൈയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹലിയുമായി ചര്‍ച്ച നടത്തും.
ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കാന്‍ ഈ മാസം 23 വരെ സമയമുണ്ട്. എന്നിരുന്നാലും ഒരാഴ്ച മുമ്പേ തന്നെ ടീമിനെ പ്രഖ്യാപിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഭാരവാഹി വെളിപ്പെടുത്തി.
നാലാം നമ്പറില്‍ ആരെ പരിഗണിക്കുമെന്നതാണ് ടീം തെരഞ്ഞെടുപ്പിലെ പ്രധാന വെല്ലുവിളി. അമ്പാട്ടി റായ്ഡുവും ഋഷഭ് പന്തുമാണ് ഈ സ്ഥാനത്തിനായി മത്സരിക്കുന്നത്. ഐപിഎല്ലില്‍ റായ്ഡു മോശം പ്രകനം തുടരുകയാണ്. അതേസമയം ഋഷഭ് പന്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്്ക്കുന്നുണ്ട്. പക്ഷെ ഫിനിഷിങ്ങിലെ പിഴവുകള്‍ ഒരു പോരായ്മയാണ്. വിജയ് ശങ്കറാണ് നാലാം സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരു കളിക്കാരന്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി മുന്‍നിരയില്‍ മികവാര്‍ന്ന ബാറ്റിങ്ങ് കാഴ്ചവയ്ക്കുന്ന താരമാണ് വിജയ് ശങ്കര്‍.
നാലാം പേസറായി നവ്ദീപ് സെയ്നിക്ക് അവസരം കിട്ടിയേക്കും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സിനായി നവ്ദീപ് സെയ്നി മികവ് കാട്ടിവരുകയാണ്.
ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍, ഇഷാന്ത് ശര്‍മ, അജിങ്ക്യ രഹാനെ തുടങ്ങിവരൊക്കെ ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ കയറിക്കൂടാന്‍ സാധ്യതയുള്ളവരാണ്.
ക്യാപ്റ്റന്‍ വിരാട് കോഹ്ലി, കോച്ച് രവി ശാസ്ത്രി എന്നിവരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമെ ആരെയൊക്കെ ടീമിലുള്‍പ്പെടുത്തണമെന്ന് സെലക്ഷന് കമ്മിറ്റി തീരുമാനിക്കൂ.
ടീം കോമ്പിനേഷനെക്കുറിച്ച് എറെക്കൂറെ തീരുമാനമായിട്ടുണ്ട്്. എന്നാല്‍ ചില സ്ഥാനങ്ങളില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ക്യാപ്റ്റന്റെയും കോച്ചിന്റെയും അഭിപ്രായത്തിനനുസരിച്ചായിരിക്കും ഈ സ്ഥാനങ്ങളിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കുകയെന്ന്് ഉപനായകന്‍ രോഹിത് ശര്‍മ പറഞ്ഞു.
മെയ് 30ന് ഇംഗ്ലണ്ട് -ദക്ഷിണാഫ്രിക്ക മത്സരത്തോടെയാണ് ലോകകപ്പ് തുടങ്ങുക. ജൂലൈ 14നാണ് ഫൈനല്‍. ഇന്ത്യ ആദ്യ മത്സരത്തില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: