ന്യൂദല്‍ഹി: ഐപിഎല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വിജയശില്‍പ്പിയായി ഇംഗ്ലണ്ട് ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ. സ്പിന്നര്‍മാരെ തുണച്ച പിച്ചില്‍ മറ്റെല്ലാ ബാറ്റ്സ്മാന്മാരും പരാജയപ്പെട്ടപ്പോള്‍ ഹൈദരാബാദ് നിരയയില്‍ പിടിച്ചുനില്‍ക്കാനായത് ബെയര്‍സ്റ്റോയ്ക്ക് മാത്രം. തുടക്കം മുതലേ ആഞ്ഞടിച്ച ബെയര്‍സ്റ്റോ 28 പന്തില്‍ 48 റണ്‍സ് നേടി. ഒരു സിക്സും ഒമ്പത് ഫോറും അടങ്ങുന്നതാണ് ബെയര്‍സ്റ്റോയുടെ ഇന്നിങ്ങ്സ്. ആദ്യ വിക്കറ്റില്‍ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ബെയര്‍സ്റ്റോ കൂട്ടിചേര്‍ത്തത് 64 റണ്‍സ്. വാര്‍ണറുടെ സംഭാവന പത്ത് റണ്‍സ് മാത്രം. ബെയര്‍സ്റ്റോ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചത്. അഞ്ച് വിക്കറ്റിനായിരുന്നു ഹൈദരാബാദ് ജയം.
നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ദല്‍ഹിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി ഇരുപതോവറില്‍ എട്ട് വിക്കറ്റിന് 129 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 18.3 ഓവറില്‍ അഞ്ച് വിക്കറ്റിന് 131 റണ്‍സ് നേടി.
നായകന് ശ്രേയസ് അയ്യരുടെ ബാറ്റിങ്ങ് മികവിലാണ് ദല്‍ഹി 129 റണ്‍സിലെത്തിയത്. ശ്രേയസ് 41 പന്തില്‍ ഒരു സിക്സും മൂന്ന് ഫോറും അടക്കം 43 റണ്‍സ് നേടി. ഓപ്പണര്‍മാരായ പൃഥ്വി ഷാ പതിനൊന്ന് റണ്‍സിനും ശിഖര്‍ ധവാന് പന്ത്രണ്ട് റണ്‍സിനും പുറത്തായി. മധ്യനിരയില്‍ ഋഷഭ് പന്ത്, തെവാട്ടിയ, കോളിന് ഇന്‍ഗ്രാം എന്നിവര്‍ക്ക് വലിയ സ്കോര്‍ കണ്ടെത്താന്‍ സാധിക്കാഞ്ഞതാണ് ദല്‍ഹിയെ പിന്നോട്ടടിച്ചത്. മൂവരും അഞ്ച് റണ്‍സിന് പുറത്തായി. അവസാന ഓവറുകളില്‍ ഓള് റൗണ്ടര്മാരയ ക്രിസ് മോറിസ് (17), അക്സര്‍ പട്ടേല്‍ (23) എന്നിവര്‍ നടത്തിയ ഭേദപ്പെട്ട പ്രകടനമാണ് ദല്‍ഹിയെ 120 കടത്തിയത്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് നബി, സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരബാദിനായി ഓപ്പണര്‍മാര്‍ നല്‍കിയത് മോഹിപ്പിക്കുന്ന തുടക്കം. ആദ്യ വിക്കറ്റില്‍ വാര്‍ണര്‍-ബെയര്‍സ്റ്റോ സഖ്യം 64 റണ്‍സ് കൂട്ടിചേര്‍ത്തു. മധ്യനിരയില്‍ വിജയ് ശങ്കര്‍ (16), മനീഷ് പാണ്ഡെ (10), ദീപക് ഹൂഡ (10) എന്നിവര്‍ക്ക് തുടക്കം ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. അഫ്ഗാന് ഓള് റൗണ്ടര്‍ മുഹമ്മദ് നബി ഒമ്പത് പന്തില്‍ 17 റണ്‍സ് നേടി പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: