ന്യൂദല്‍ഹി: സൈനിക ആവശ്യങ്ങള്‍ക്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങുന്നു. ബഹിരാകാശത്ത് തന്ത്രപ്രധാനമായ ഇടമൊരുക്കുകയെന്ന ലക്ഷ്യത്തോടെ അഞ്ച് ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ വിക്ഷേപിക്കുകയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു.
പുതിയ നാല് റിസാറ്റ് സാറ്റലൈറ്റുകള്‍, കൂടുതല്‍ നിലവാരമുള്ള ഒരു കാര്‍ട്ടോസാറ്റ്-3 എന്നിവയാണ് വിക്ഷേപിക്കുക. 2016ലെ മിന്നലാക്രമണത്തിനും ബലാക്കോട്ടിലെ വ്യോമാക്രമണത്തിനും റിസാറ്റ് സാറ്റലൈറ്റുകളെ ആശ്രയിച്ചാണ് പദ്ധതികള്‍ തയാറാക്കിയത്. ഇതിന് മുന്‍പ് വരെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ സൈനിക സാറ്റലൈറ്റുകള്‍ മാത്രമാണ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചിരുന്നത്. എന്നാല്‍, അതിര്‍ത്തിയില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഭീഷണികള്‍ വര്‍ധിച്ചതും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ നാവികാഭ്യാസങ്ങള്‍ പതിവായതുമാണ് ഐഎസ്ആര്‍ഒയുടെ പുതിയ തീരുമാനത്തിന് പിന്നില്‍.
സാറ്റലൈറ്റുകളും റോക്കറ്റുകളുമുള്‍പ്പടെ 33 ദൗത്യങ്ങള്‍ക്കാണ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം മെയ് പകുതിയോടെ പിഎസ്എല്‍വി-സി 46 റോക്കറ്റില്‍ റിസാറ്റ്-2 ബിയും ജൂണില്‍ പിഎസ്എല്‍വി-സി47ല്‍ കാര്‍ട്ടോസാറ്റ്-മൂന്നും വിക്ഷേപിക്കും. 0.2 മീറ്റര്‍ സൂമിങ്ങ് പവറുള്ള ലോകത്തിലെ മികച്ച സാറ്റലൈറ്റാണ് കാര്‍ട്ടോസാറ്റ്-3. റിസാറ്റ്-2ബിആര്‍1 ജൂലൈയിലും റിസാറ്റ്-2ബിആര്‍2 ഒക്ടോബറിലും റിസാറ്റ്-1എ നവംബറിലും വിക്ഷേപിക്കും.
റിമോട്ട് സെന്‍സിങ് സാറ്റലൈറ്റുകളായ ജിസാറ്റ്-1 സപ്തംബറിലും ജിസാറ്റ്-2 നവംബറിലും വിക്ഷേപിക്കും. സൈനിക, സൈനികേതരാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതാണ് ജിസാറ്റ് സാറ്റലൈറ്റുകള്‍. ഇപ്പോഴുള്ള സാറ്റലൈറ്റുകള്‍ 22 ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് ഒരു പ്രത്യേക പ്രദേശത്തിന്റെ ചിത്രങ്ങളെടുക്കുന്നത്. എന്നാല്‍, രണ്ട് ദിവസത്തിലൊരിക്കല്‍ ചിത്രങ്ങളെടുക്കാന്‍ ജിസാറ്റിന് കഴിയും.
സൈനിക സാറ്റലൈറ്റുകള്‍ക്ക് പുറമേ ചാന്ദ്രയാന്‍-2ന്റെ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളും അതിവേഗം പുരോഗമിക്കുകയാണ്.
















