ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇയുടെ പരമോന്നത ബഹുമതിയായ സെയ്ദ് മെഡല്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ മോദി വഹിച്ച നിര്‍ണായക പങ്ക് കണക്കിലെടുത്താണിതെന്ന് യുഎഇ പ്രസിഡന്റ്്ഷെയ്ഖ് ഖലീഫ മുഹമ്മദ് ബിന്‍ സെയ്ദ് നഹ്യാന് ട്വിറ്ററില്‍ അറിയിച്ചു.
യുഎഇക്ക് ചരിത്രപരവും സമഗ്രവുമായ ബന്ധമാണ് ഇന്ത്യയുമായുള്ളത്. അത് കൂടുതല്‍ ശക്തമാക്കാന്‍ എന്റെ പ്രിയപ്പെട്ട സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വഹിച്ച പങ്ക് നിര്‍ണായകമാണ്. ഇതിനുള്ള പ്രയത്നങ്ങള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന് സെയ്ദ് മെഡല്‍ നല്‍കുകയാണ്, നഹ്യാന് തുടര്‍ന്നു.
രാജ്യത്തലവന്മാര്‍ക്കും പ്രസിഡന്റുമാര്‍ക്കും രാജാക്കന്മാര്ക്കും നല്കുന്ന, യുഎഇയുടെ പരമോന്നത ബഹുമതിയാണ് സെയ്ദ് മെഡല്‍. റഷ്യന്‍ പ്രസിഡന്റ് വ്ളാിമീര് പുടിന്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് സെക്കന്‍ഡ് തുടങ്ങിയവര്‍ ഈ ആദരം ലഭിച്ചവരില്‍പെടുന്നു.
മോദി സര്‍ക്കാരിനു കീഴില്‍ യുഇഎ, സൗദി അറബ്യേ, ഒമാന്‍, കുവൈറ്റ് തുടങ്ങി മിക്ക ഗള്‍ഫ് രാജ്യങ്ങളുമായും മികച്ച ബന്ധമാണ് ഉണ്ടാക്കിയെടുത്തിട്ടുള്ളത്. അവരില്‍ തന്നെ യുഎഇ ഇന്ത്യയോട് അടുത്തകാലത്ത് വലിയ ആഭിമുഖ്യമാണ് പുലര്‍ത്തുന്നത്. അഗസ്ത ഇടപാടിലെ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേല്‍ അടക്കം യുഎഇയില്‍ ചേക്കേറിയ നിരവധി പിടികിട്ടാപ്പുള്ളികളെയാണ് അടുത്തിടെ ഇന്ത്യക്ക് കൈമാറിയത്. 2017-ല്‍ സിആര്‍പിഎഫ് ക്യാമ്പില്‍ ഭീകരാക്രമണം നടത്തിയവരില്‍ പ്രമുഖനെയാണ് ഏറ്റവും ഒടുവില്‍ ഇന്ത്യക്ക് കൈമാറിയത്. 81-ല്‍ ഇന്ദിരാഗാന്ധിയുടെ സന്ദര്‍ശന ശേഷം യുഎഇ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. 2015 ആഗസ്ത് 16നാണ് അദ്ദേഹം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് യുഎഇയില്‍ എത്തിയത്. 2017-ല്‍ ഇന്ത്യയുടെ 68-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സെയ്ദ് നഹ്യാന് ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: