ഇസ്ലാമബാദ് : ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിന് പാക്കിസ്ഥാനില്‍ നിരോധനം. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. പാക്കിസ്ഥാന് വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി ഫവാദ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുടെ ഒരു ആഭ്യന്തര ടൂര്‍ണമെന്റിനെ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യം പാക്കിസ്ഥാനില്ല. പാക് ക്രിക്കറ്റിനെ നശിപ്പിക്കാന്‍ കിട്ടുന്ന ഒരു അവസരവും ഇന്ത്യ ഉപേക്ഷിക്കില്ലെന്ന് കണ്ടതു കൊണ്ടാണ് ഇപ്പോഴത്തെ നടപടിയെന്നും ചൗധരി അഭിപ്രായപ്പെട്ടു.
നേരത്തെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ്എല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്ന് ഇന്ത്യന്‍ ചാനലുകള്‍ പിന്മാറിയിരുന്നു. പിഎസ്എല്ലിനേയും പാക് ക്രിക്കറ്റിനേയും തകര്‍ക്കാനാണ് ഇതു വഴി ഇന്ത്യയുടെ ശ്രമമെന്നും ചൗധരി ആരോപിച്ചു.
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് നടത്തിപ്പിനേയും ഇത് ബാധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: