ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. പ്രകടനപത്രിക സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കുന്നതാണെന്ന് അവര്‍ കുറ്റപ്പെടുത്തി. ദല്‍ഹിയില്‍ മാധ്യമപ്രവര്ത്തകരമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സീതാരാമന്റെ വിമര്‍ശനം.
വിഘടവാദികള്‍ക്കും ഭീകരവാദികള്‍ക്കും അനുകൂലമായ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളതെന്ന് പറഞ്ഞ അവര്‍ എന്തടിസ്ഥാനത്തിലാണ് അഫ്സ്പ പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നതെന്നും ഇത് ശരിയായ നടപടിയാണോയെന്നും ചോദിച്ചു.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് പ്രകടന പത്രികയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയും അവരേപ്പോലെ അഴിമതി നിറഞ്ഞതാണെന്നായിരുന്നു മോദിയുടെ പ്രധാന വിമര്‍ശനം.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വാഗ്ദാനങ്ങള്‍ മാത്രമാണ് അതിലുള്ളതെന്നു പറഞ്ഞ പ്രധാനമന്ത്രി ശുദ്ധ തട്ടിപ്പാണ് ആ പ്രകടനപത്രികയെന്നും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: