ന്യൂദൽഹി: ജിഎസ്‌ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധന. ഒരു ലക്ഷം കോടി രൂപയ്‌ക്ക് മുകളിലേയ്‌ക്കാണ് വരുമാനം ഉയർന്നിരിക്കുന്നത്. 1,06,577 കോടി രൂപയാണ് മാർച്ച് മാസത്തിലെ വരുമാനം. ഇതിൽ കേന്ദ്ര ജിഎസ്‌ടിയിൽ നിന്നും 20.352 കോടി രൂപയും സംസ്ഥാനത്ത് നിന്ന് 27,520 കോടി രൂപയും 50,418 കോടി രൂപ കേന്ദ്ര-സംസ്ഥാന സംയോജിത വിഭാഗത്തിൽ നിന്നുമാണ് ലഭിച്ചത്. സെസായി 8,286 കോടി രൂപയും പിരിഞ്ഞു കിട്ടി.
ജിഎസ്‌ടി റിട്ടേൺ സമർപ്പിച്ചവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. മാർച്ചിൽ 75.95 ലക്ഷം റിട്ടേണുകളായിരുന്നു. ഫെബ്രുവരിൽ ഇത് 73.48 ലക്ഷമായിരുന്നു. ബജറ്റ് പ്രഖ്യാപനത്തിൽ സർക്കാർ ജിഎസ്‌ടിയിൽ നിന്നും പ്രതീക്ഷിക്കുന്ന വരുമാനമായി കണക്കാക്കിയിരുന്നത് 13.71 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ മിക്ക മാസങ്ങളിലും വരുമാനം ഒരു ലക്ഷം കോടിയിലെത്താതിരുന്നതോടെ സർക്കാർ വരുമാന ലക്ഷ്യം 11.47 ലക്ഷം കോടിയായി നിജപ്പെടുത്തിയിരുന്നു.
എന്നാൽ ഇക്കഴിഞ്ഞ സാമ്പത്തിക വർഷം ചരക്ക് സേവന നികുതിയിനത്തിൽ 11.77 ലക്ഷം കോടി രൂപയുടെ വരുമാനം ഉണ്ടായി. പുതുക്കിയ ലക്ഷ്യത്തിന് മുകളിൽ നികുതി വരുമാനം എത്തിയത് സർക്കാരിന് നേട്ടമാണ്.
















