ദുബായ്: ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയ പാക്കിസ്ഥാനെതിരായ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരി. അവസാന മത്സരത്തില്‍ ഇരുപത് റണ്‍സ് വിജയം നേടിയാണ് ഓസീസ് സമ്പൂര്‍ണ വിജയം സ്വന്തമാക്കിയത്.
ഹാരിസ് സൊഹൈല്‍ സെഞ്ചുറി കുറിച്ചിട്ടും പാക്കിസ്ഥാന് ഓസ്്ട്രേലിയ മുന്നോട്ടുവച്ച 328 റണ്‍സ് ലക്ഷ്യം മറികടക്കാനായില്ല. 50 ഓവറില്‍ അവര്‍ക്ക് ഏഴു വിക്കറ്റിന് 307 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. സൊഹൈല്‍ 129 പന്തില്‍ 130 റണ്‍സ് അടിച്ചെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ ഏഴു വിക്കറ്റിന് 327 റണ്‍സാണെടുത്തത്. ഉസ്മാന് ഖവാജ, ഗ്ലെന്‍ മാക്സ്വെല് എന്നിവരുടെ മികവിലാണ് ഓസ്ട്രേലിയ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. ഖവാജ 98 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. അടിച്ചുതകര്‍ത്ത മാക്സ്വെല് 33 പന്തില്‍ ഏഴുപത് റണ്‍സ് നേടി.
ഓസ്ട്രേലിയ തുടര്‍ച്ചയായ ആറാം തവണയാണ് പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര സ്വന്തമാക്കുന്നത്. 2002 ലാണ് ഓസീസ് അവസാനമായി ഏകദിന പരമ്പരയില്‍ പാക്കിസ്ഥാനോട് തോല്‍ക്കുന്നത്. ഇത് നാലാം തവണയാണ് ഓസീസ് പാക്കിസ്ഥാനെതിരെ സമ്പൂര്‍ണ വിജയം നേടുന്നത്. നേരത്തെ 1998 (3-0), 2010 (5-0), 2014 (3-0) വര്‍ഷങ്ങളില്‍ ഓസ്ട്രേലിയ പാക്കിസ്ഥാനെതിരായ പരമ്പര തൂത്തുവാരിയിരുന്നു.
ലോകകപ്പിന് തയ്യാറെടുക്കുന്ന ഓസീസിന് ഈ പരമ്പര വിജയം കരുത്ത് പകരുമെന്നുറപ്പാണ്. മെയ് 30 ന് ഇംഗ്ലണ്ടില്‍ ലോകകപ്പ് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: