ബെംഗളൂരു: ഐപിഎല്ലില്‍ ഇന്ന് ബെംഗളൂരു-മുംബൈ സൂപ്പര്‍ പോരാട്ടം. ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിന് മത്സരം ആരംഭിക്കും. സീസണില്‍ ബെംഗളൂരുവിന്റെ ആദ്യ ഹോം മത്സരം കൂടിയാണിത്.
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഉപനായകന്‍ രോഹിത് ശര്‍മയും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടത്തില്‍ ഇരു ടീമുകളും വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്. സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങുന്നതിന്റെ മുന്‍തൂക്കം ബെംഗളൂരുവിന് അവകാശപ്പെടാം. എന്നാല്‍ ആദ്യ മത്സരത്തില്‍ ചെന്നൈയില്‍ നിന്ന് ഏറ്റുവാങ്ങിയ വലിയ തോല്‍വി അവരെ വേട്ടയാടുന്നുണ്ട്്. മുംബൈയും ആദ്യ മത്സരം തോറ്റാണ് ബെംഗളൂരുവില്‍ എത്തുന്നത്. സ്വന്തം ഗ്രൗണ്ടില്‍ ദല്‍ഹിയോട് ഏറ്റുവാങ്ങിയത് 37 റണ്‍സിന്റെ തോല്‍വി. ഇരു ടീമും ആദ്യ വിജയം കൊതിച്ചിറങ്ങുമ്പോള്‍ ബെംഗളൂരുവില്‍ തീ പാറുമെന്നുറപ്പ്.
കണക്കുകളില്‍ കണ്ണോടിച്ചാല്‍ ബെംഗളൂരുവിനു മേല്‍ വലിയ ആധിപത്യം മുംബൈക്ക് അവകാശപ്പെടാം. ഇരു ടീമും ഇതിനുമുമ്പ് 25 തവണ നേര്‍ക്കുനേര്‍വന്നപ്പോള്‍ പതിനാറിലും വിജയം മുംബൈക്കൊപ്പം. ബംഗളൂരുവിന് ജയിക്കാനായത് ഒമ്പത് തവണ.
ബാറ്റിങ്ങിലുണ്ടാകുന്ന പോരായ്‌മകളാണ് കോഹ്‌ലിയെ കുഴക്കുന്ന പ്രധാന വിഷയം. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയോട് കോഹ്‌ലിപ്പട തകര്‍ന്നടിഞ്ഞത് 70 റണ്‍സിന്. അടിച്ചാല്‍ തകര്‍ത്തടിക്കും, തകര്‍ന്നാല്‍ നിലംപൊത്തും. ഇതാണ് ബെംഗളൂരുവിന്റെ അവസ്ഥ. കോഹ്‌ലി-ഡിവില്ലിയേഴ്‌സ് സഖ്യമാണ് ബെംഗളൂരുവിന്റെ പിടിവള്ളി.
വിന്‍ഡീസ് യുവതാരം ഹേറ്റ്മയര്‍, ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയീന്‍ അലി എന്നിവര്‍ മധ്യനിരയില്‍ കൂടുതല്‍ പക്വത കാണിക്കേണ്ടതുണ്ട്. യുസ്‌വേന്ദ്ര ചാഹല്‍ നയിക്കുന്ന സ്പിന്‍ വിഭാഗവും ഉമേശ് യാദവ് നയിക്കുന്ന പേസ് വിഭാഗവും ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. ഓപ്പണിങ്ങില്‍ നായകന്‍ കോഹ്‌ലിക്കൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേല്‍ നല്‍കുന്ന തുടക്കവും മത്സരത്തില്‍ നിര്‍ണായകമാകും.
ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യുവരാജ് സിങ്ങിന്റെ മടങ്ങിവരവ് മുംബൈയെ കരുത്തരാക്കും.
മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കാഞ്ഞതാണ് കഴിഞ്ഞ മത്സരത്തില്‍ മുംബൈക്ക് വിനയായത്. പരിക്ക് മൂലം പ്രധാന ബൗളര്‍ ജസ്പ്രീത് ബുംറ ബെംഗളൂരുവിനെതിരെ കളിച്ചേക്കില്ല. ബൗളിങ്ങാണ് മുംബൈയുടെ പ്രധാന തലവേദന.
ദല്‍ഹി ബാറ്റ്‌സ്മാന്മാര്‍ തല്ലിതകര്‍ത്ത ബൗളിങ്ങ് നിരയുമായാണ് മുംബൈ കോഹ്‌ലിയും ഡിവില്ലിയേഴ്‌സും അടങ്ങുന്ന ബെംഗളൂരിനെ നേരിടാന്‍ ഇറങ്ങുന്നത്.
രോഹിത് ശര്‍മ-ക്വിന്റണ്‍ ഡി കോക്ക് ഓപ്പണിങ്ങ് സഖ്യത്തിലാണ് മുംബൈയുടെ പ്രതീക്ഷ. മധ്യനിരയില്‍ യുവരാജിനൊപ്പം പാണ്ഡ്യ സഹോദരന്മാരും ആഞ്ഞടിച്ചാല്‍ മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമാകും.
















