പാരീസ്: ഉശിരന്‍ പോരാട്ടം അരങ്ങേറിയ മത്സരത്തില്‍ ജര്‍മനിയുടെ പുത്തന്‍നിരയ്‌ക്ക് ത്രസിപ്പിക്കുന്ന വിജയം. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ റൗണ്ടില്‍ അവര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഹോളണ്ടിനെ പരാജയപ്പെടുത്തി. നിക്കോ ഷുള്‍സാണ് വിജയഗോള്‍ നേടിയത്.
അതേസമയം ലോകകപ്പ് ഫൈനലിസ്റ്റായ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഹങ്കറി അട്ടിമറിച്ചു. ഏദന്‍ ഹസാഡിന്റെ മികവില്‍ ബെല്‍ജിയം ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് സൈപ്രസിനെ മറികടന്നു.
ആംസ്റ്റര്‍ഡാമില്‍ നടന്ന പോരാട്ടത്തില്‍ പുതുനിരയുമായി ഇറങ്ങിയ ജോക്വിംലൗവിച്ചിന്റെ ജര്‍മനി തുടക്കത്തില്‍ തന്നെ രണ്ട് ഗോളിന് മുന്നിലെത്തി. ലിറോയ് സാനെയും സെര്‍ജി ഗാബ്‌റിയുമാണ് ആദ്യം ഹോളണ്ടിന്റെ വല കുലുക്കിയത്. പക്ഷെ രണ്ടാം പകുതിയില്‍ ഹോളണ്ട് തിരിച്ചുവന്നു. മത്തിസ് ഡി ലിറ്റിന്റെ ഹെഡറില്‍ ഒരു ഗോള്‍ മടക്കി. അറുപത്തിമൂന്നാം മിനിറ്റില്‍ മെംഫിസ് ഡീപേ ലക്ഷ്യം കണ്ടതോടെ ഹോളണ്ട് ജര്‍മനിക്കൊപ്പം (2-2) എത്തി.
പിന്നീട് ഇരു ടീമുകളും വിജയഗോളിനായി പോരാട്ടം മുറുക്കി. തൊണ്ണൂറാം മിനിറ്റില്‍ ഇരുപത്തിയഞ്ചുകാരനായ ഷുള്‍സ് ജര്‍മനിക്കായി വിജയഗോള്‍ കുറിച്ചു. ആഗസ്റ്റില്‍ രാജ്യാന്തര മത്സരത്തില്‍ അരങ്ങേറിയ ഷുള്‍സ് ഹോളണ്ടിന്റെ പ്രതിരോധ തകര്‍ച്ച മുതലാക്കിയാണ് സ്‌കോര്‍ ചെയ്തത്.
നൂറാം മത്സരത്തിനിറങ്ങിയ ചെല്‍സി താരം ഹസാഡിന്റെ മികവിലാണ് ബെല്‍ജിയം സൈപ്രസിനെ കീഴടക്കിയത്. ഹസാഡിന്റെ ഗോളില്‍ മുന്നിലെത്തിയ ബെല്‍ജിയത്തനായി മിച്ചി ബറ്റ്ഷൂയിയും സ്‌കോര്‍ ചെയ്തു.
ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ ലൂക്കാ മോഡ്രിച്ചിന് ലോകകപ്പ് ഫൈനലിസ്റ്റായ ക്രൊയേഷ്യയെ ഹങ്കറിക്കെതിരായ മത്സരത്തില്‍ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്താനായില്ല. ബുഡാപെസ്റ്റില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഹങ്കറി ലോകകപ്പ് ഫൈനലിസ്റ്റിനെ അട്ടിമറിച്ചത്.
യുറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ദുര്‍ബലരായ അസര്‍ബൈജാനെതിരെ കഷ്ടിച്ചാണ് ക്രൊയേഷ്യ കടന്നുകൂടിയത്. ഒന്നിനെതിരെ രണ്ട് ഗോളകള്‍ക്കാണ് അന്ന് ക്രൊയേഷ്യ രക്ഷപ്പെട്ടത്.
സ്‌കോട്ട്‌ലന്‍ഡ് വിജയവഴിയില്‍ തിരിച്ചെത്തി. ആദ്യ മത്സരത്തില്‍ കസാക്സ്ഥാനോട് തോറ്റ അവര്‍ രണ്ടാം മത്സരത്തില്‍ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സാന്‍ മരിനോയെ പരാജയപ്പെടുത്തി.
മറ്റൊരു മത്സരത്തില്‍ ഇസ്രയേല്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഓസ്ട്രിയയെ തകര്‍ത്തുവിട്ടു. സഹവിയുടെ ഹാട്രിക്കാണ് ഇസ്രയേലിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ഇതോടെ അവര്‍ക്ക് രണ്ട് മത്സരങ്ങളില്‍ നാലു പോയിന്റായി.
















