സത്യസന്ധതയ്ക്ക് പേരുകേട്ട പുരാണപുരുഷനാണ് ശിബി ചക്രവര്‍ത്തി. വാക്കുപറഞ്ഞാല്‍ വാക്കാണ്. കടുകിടെ മാറില്ല. ശിബിയുടെ മഹത്വം ദേവലോകത്തും പരന്നു. അതോടെ ദേവന്മാരുടെ ഉള്ളില്‍ അസൂയ തുടികൊട്ടി. ശിബിയെ പരീക്ഷിക്കണം. അങ്ങനെ അദ്ദേഹത്തിന്റെ സത്പേര് നശിപ്പിക്കണം. അതിന് ദേവേന്ദ്രനും അഗ്നിദേവനും ചേര്‍ന്ന് ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി അഗ്നി മാടപ്പിറാവിന്റെ വേഷമെടുത്തു. ഇന്ദ്രന് പരുന്തിന്റെയും. രാജ്യവിചാരം നടത്തിക്കൊണ്ടിരുന്ന ശിബിയുടെ മടിയിലേക്ക് പെട്ടെന്നാണ് ഒരു മാടപ്രാവ് ചിറകടിച്ച് വീണത്-രക്ഷിക്കണം പ്രഭോ… ഒരു പരുന്ത് എന്നെ കൊല്ലാന്‍ വന്നു. ശിബി അഭയം വാഗ്ദാനം ചെയ്തു.
അതേ നിമിഷമെത്തി പിന്നാലെ ഒരു പരുന്ത്. തന്റെ ഭക്ഷണം തന്റെ ജീവിതമാണെന്നും നീതിമാനായ ചക്രവര്‍ത്തി ക്രമപ്രകാരമുള്ള തന്റെ ഭക്ഷണം വിട്ടുതരണമെന്നും വാദിച്ചു. ശിബി ധര്‍മ്മ സങ്കടത്തിലായി. ഒടുവില്‍ പരുന്ത് ഒരു വ്യവസ്ഥ വച്ചു. പ്രാവിന്റെ അത്രയും തൂക്കം ‘ഫ്രഷ്’ ഇറച്ചി ചക്രവര്‍ത്തിയുടെ തുടയില്‍നിന്ന് മുറിച്ചു നല്കിയാല് മതി. നീതിമാനായ ശിബി സമ്മതിച്ചു. രാജസിംഹാസനം രക്തത്തില്‍ മുങ്ങി. മാസം ഒരുപാട് മുറിച്ച്, ത്രാസിന്റെ തട്ടിലിട്ടു. പക്ഷേ പ്രാവിരുന്ന തട്ട് താഴ്ന്നുനിന്നു. വേദനയില്‍ പിടഞ്ഞ് ചോരയില്‍ കുളിച്ച് നില്‍ക്കുമ്പോഴും തന്റെ വാക്കിന് വ്യത്യാസം വരുത്താന്‍ ചക്രവര്‍ത്തി കൂട്ടാക്കിയില്ല.
പക്ഷേ ഇന്നാണ് ആ പരുന്ത് വരുന്നതെങ്കില്‍ ശിബിയ്ക്ക് തന്റെ തുടയില്‍ ഉടവാള് കുത്തിക്കയറ്റേണ്ടിവരില്ലായിരുന്നു. മാംസക്കഷണങ്ങള്‍ അറുത്തുമാറ്റേണ്ടിയും വരില്ല. കാരണം കൃത്രിമ മാംസം ഉണ്ടാക്കാനുള്ള സൂത്രവിദ്യ ശാസ്ത്രം കണ്ടെത്തിക്കഴിഞ്ഞു. ഏത് ജന്തുവിന്റെയും ഏത് ശരീരഭാഗത്തിന്റെയും എത്ര കിലോ ഇറച്ചി വേണമെങ്കിലും ഇപ്പോള്‍ റെഡി. ആകെ വേണ്ടത് ഏതാനും കോശങ്ങള്‍ മാത്രം. ഗുണവും മണവും രുചിയും തരിമ്പും ചോര്‍ന്നുപോകാത്ത പരിശുദ്ധമായ മാംസം തയ്യാറാക്കാന്‍ വേണ്ടത്. ഏതാനും നാള് മാത്രം. ഒരൊറ്റ രോഗാണുവിന്റെയും സാന്നിദ്ധ്യമില്ലാത്ത മാംസം അറിയപ്പെടുന്നത് ‘ലാബ് ഗ്രോണ്‍ മീറ്റ്’, ‘ക്ലീന്‍ മീറ്റ്’, ‘സിന്തറ്റിക് മീറ്റ്’ തുടങ്ങിയ വിളിപ്പേരുകളിലാണ്. ഏത് മൃഗത്തിന്റെയും നിശ്ചിത ശരീരഭാഗങ്ങള്‍ ഇപ്രകാരം നമുക്ക് ലാബില്‍ വിളയിച്ചെടുക്കാം.
ബയോ റിയാക്ടറില്‍ പ്രത്യേകം തയ്യാറാക്കിയ മാധ്യമ (കള്‍ച്ചര്‍ മീഡിയം)ത്തിലാണ് അതീവശുദ്ധിയോടെ ഈ മാംസപിണ്ഡങ്ങള്‍ വളര്‍ന്നുവലുതാവുന്നത്. ഇതിന് ഒരു മൃഗത്തെയും വേദനിപ്പിക്കേണ്ടതില്ല. ക്രൂരമായി കൊല്ലുകയും വേണ്ട. ബയോപ്സി സമ്പ്രദായത്തിലൂടെ ജീവിയുടെ നിശ്ചിത ശരീരഭാഗത്തുനിന്ന് ശേഖരിക്കുന്ന കോശങ്ങള്‍ കള്‍ച്ചര്‍ മീഡിയത്തില്‍ വളരുന്നു. ഒരു ഗ്രാം കോശങ്ങളില്‍നിന്ന് 1000 കിലോ മാംസം ഉണ്ടാക്കുകയെന്നത് ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. ആന്റിബയോട്ടിക്കുകളുടെയും കീടനാശിനികളുടെയും ഹോര്‍മോണുകളുടെയും സാന്നിദ്ധ്യം തരിമ്പുമില്ലാത്ത മാംസം.
ഡച്ച് ഫാര്‍മക്കോളജിസ്റ്റ് മാര്‍ക്ക് പോസ്റ്റ് (മാസ്ട്രിക്ട് സര്‍വകലാശാല) ആണ് ഈ സാങ്കേതികവിദ്യയ്ക്ക് പൂര്‍ണത നല്കിയ ആദ്യ ശാസ്ത്രജ്ഞന്. സാങ്കേതിക വിദ്യ രൂപപ്പെടുത്തുക മാത്രമല്ല, അങ്ങനെയുണ്ടാക്കിയെടുത്ത ബീഫ്കൊണ്ട് ബര്‍ഗര്‍ ഉണ്ടാക്കി പരസ്യമായി ഭക്ഷിക്കുകയും ചെയ്തു. മാര്‍ക്ക് പോസ്റ്റ്. 2013-ല്‍ ലണ്ടനില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രദര്‍ശനം. സെല്ലുലാര്‍ സാങ്കേതിക വിദ്യയിലൂടെ ഒരു ഗ്രാം കോശത്തില്‍നിന്ന് ഒരായിരം കിലോ മാംസമുണ്ടാക്കാന്‍ തെല്ലും വിഷമമില്ലെന്ന് അന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതോടെ നിരവധി വമ്പന്‍ കമ്പനികള്‍ ഈവഴിക്ക് ഗവേഷണവും തുടങ്ങി.
‘ലാബ് മീറ്റ്’ പ്രകൃതിയ്ക്ക് തികച്ചും ഇണങ്ങുന്നതാണെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഭൂമിയുടെ ജൈവ സന്തുലനത്തിനോ പരിസ്ഥിതി തുലനത്തിനോ ഈ ഇറച്ചി യാതൊരു പ്രശ്നവും ഉണ്ടാക്കുന്നില്ല. ഒരു കിലോഗ്രാം മാംസം ഉല്‍പ്പാദിപ്പിക്കുന്നതിന് എത്രയേറെ പ്രകൃതിവിഭവങ്ങളാണ് ചെലവിടേണ്ടിവരുന്നതെന്ന് ആലോചിക്കുക. എത്രയേറെ വെള്ളവും പുല്ലും മേച്ചില്‍ പുറങ്ങളും അതിനാവശ്യമാണ്. എത്രയേറെ ഗ്രീന്‍ഹൗസ് വാതകങ്ങളാണ് ആ ‘ബലിമൃഗങ്ങള്‍’ പുറത്തുവിടുന്നത്. എത്രയേറെ രാസ-ജൈവ-രോഗ മാലിന്യങ്ങളാണ് അവയുടെ മാംസത്തിലൂടെ മനുഷ്യനിലേക്ക് സംക്രമിക്കുന്നത്. ഒരു കിലോഗ്രാം ബീഫ് ഉല്‍പ്പാദിപ്പിക്കുന്നതിന് 15000 ലിറ്റര്‍ വെള്ളം ആവശ്യമായി വരുന്നുവെന്നാണ് കണക്ക്. ഒരു കിലോഗ്രാം കോഴിയിറച്ചി ഉണ്ടാക്കിയെടുക്കാന്‍ 3900 ലിറ്റര്‍ വെള്ളമാണത്രെ ആവശ്യം.
തന്റെ കൃത്രിമ ബര്‍ഗര്‍ നിര്‍മാണത്തിന് മാര്‍ക്ക് പോസ്റ്റിന് ചെലവായത് മൂന്നേകാല്‍ ലക്ഷം ഡോളറായിരുന്നത്രെ. മൂന്നുവര്‍ഷം കഴിഞ്ഞപ്പോഴേക്ക് അത് കേവലം 11 ഡോളറായി കുറഞ്ഞു. ഇനിയും അത് കുറയും. അതിനിടെ ലാബുകളില്‍ കൃത്രിമമായി മൃഗങ്ങളുടെ തോല് നിര്‍മിക്കാനും ശ്രമം നടന്നുവരികയാണ്. മൃഗങ്ങളുടെ ത്വക് കോശങ്ങളില്‍ ‘ബയോ ഫാബ്രിക്കേഷന്‍’ എന്ന പ്രക്രിയ നടത്തിയാണത്രെ ‘ലാബ് ലെതര്‍’ നിര്‍മിക്കുക.
മാംസവും തോലുമൊക്കെയുണ്ടാക്കാനുള്ള വിദ്യ വിജയമാകുമ്പോള്‍ മറ്റൊരു മഹത്തായ സാധ്യതയും മനുഷ്യനു മുന്നില്‍ തെളിഞ്ഞുവരുന്നുണ്ട്. മാരക രോഗങ്ങള്‍-അപകടം, പൊള്ളല്‍ മുതലായ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരുന്നവര്‍ക്കുള്ള മാംസപേശികളും തൊലിയുമൊക്കെ ഭാവിയില്‍ ബുദ്ധിമുട്ടു കൂടാതെ ലഭ്യമാകാനുള്ള സാധ്യതയാണത്.
ഒടുവില്‍ കിട്ടിയ ഒരു വാര്‍ത്ത കൂടി ഇവിടെ ചേര്‍ത്തുവായിക്കുക. ലാബ് മീറ്റ് നിര്‍മിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു ഗവേഷണശാല മുബൈയിലെ മാട്ടുംഗയില്‍ തുടങ്ങുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി. അമേരിക്കന്‍ സന്നദ്ധ സംഘടനയായ ഗുഡ് ഫുഡ് ഇനിഷ്യേറ്റീവ് (ജിഎഫ്ഐ) സഹകരണത്തോടെയാണ് ഈ സംരംഭം.
1932-ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എന്ന രാഷ്ട്രീയക്കാരന് പറഞ്ഞ ഒരു വാചകം കൂടി ഇവിടെ ഓര്‍ക്കുക; അതെത്ര സത്യമായി വന്നുവെന്ന് ചിന്തിക്കുക- ”യോജിച്ച ഒരു മാധ്യമത്തില്‍ ചിക്കന്‍ ബ്രെസ്റ്റ് അഥവാ ചിക്കന്‍വിങ് വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന പക്ഷം അക്കാര്യത്തിനായി മാത്രം ഒരു കോഴിയെ വളര്‍ത്തുക എന്ന അസംബന്ധത്തില്‍നിന്ന് നമുക്ക് മോചനം ലഭിക്കും.
‘ലാബ് മീറ്റ്’ പ്രകൃതിയ്ക്ക് തികച്ചും ഇണങ്ങുന്നതാണെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഭൂമിയുടെ ജൈവ സന്തുലനത്തിനോ പരിസ്ഥിതി തുലനത്തിനോ ഈ ഇറച്ചി യാതൊരു പ്രശ്നവും ഉണ്ടാക്കുന്നില്ല. ഒരു കിലോഗ്രാം മാംസം ഉല്‍പ്പാദിപ്പിക്കുന്നതിന് എത്രയേറെ പ്രകൃതിവിഭവങ്ങളാണ് ചെലവിടേണ്ടിവരുന്നതെന്ന് ആലോചിക്കുക. എത്രയേറെ വെള്ളവും പുല്ലും മേച്ചില്‍ പുറങ്ങളും അതിനാവശ്യമാണ്. എത്രയേറെ ഗ്രീന്‍ഹൗസ് വാതകങ്ങളാണ് ആ ‘ബലിമൃഗങ്ങള്‍’ പുറത്തുവിടുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: