മുസ്ലിംലീഗിന്റെ കുത്തക മണ്ഡലമായി മലപ്പുറം നിലനില്ക്കുന്നതില് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പങ്ക് ചെറുതല്ല. അതുകൊണ്ട് തന്നെ കേരളത്തിലെ പ്രധാന കോ-മാ-ലീ മണ്ഡലമായി മലപ്പുറത്തെ വിലയിരുത്താം. ഏത് കുത്തൊഴുക്കിലും ലീഗിനൊപ്പം നിന്ന ചരിത്രമാണ് മലപ്പുറത്തിനുള്ളത്. സിപിഎമ്മും എന്നും ലീഗിനെ സഹായിച്ചിട്ടുണ്ട്.
പതിവുപോലെ ദുര്‍ബലനായ സ്ഥാനാര്‍ഥിയെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഉണ്ണികൃഷ്ണന് മാസ്റ്ററാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
ഒരിക്കല്‍ മാത്രം മലപ്പുറം ഇടത്തോട്ട് ചാഞ്ഞു. 2004ല്‍ സിപിഎം നേതാവ് ടി.കെ. ഹംസയാണ് കോട്ട പിടിച്ചത്. അന്ന് മഞ്ചേരി മണ്ഡലമായിരുന്നു. അടുത്ത തവണ മഞ്ചേരി മാറി മലപ്പുറമായി. ലീഗ് നേതാക്കളുടെ വിജയചരിത്രത്തിനൊടുവില് ഇ. അഹമ്മദിനെ ആറാംതവണയും മലപ്പുറം വരിച്ചു. അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് 2017ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടി അഞ്ചുലക്ഷത്തിലേറെ വോട്ടുനേടി ആധിപത്യമുറപ്പിച്ചു.
ഇറക്കുമതിക്കാരല്ലാത്തവരാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥികളായി മലപ്പുറത്ത് മത്സരിച്ചിട്ടുള്ളവരില്‍ കൂടുതലും. വികസനപ്രശ്നങ്ങളെക്കാള് ന്യൂനപക്ഷ രാഷ്ട്രീയം സജീവമായി ചര്‍ച്ചയാകുന്ന മണ്ഡലമാണിത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസും സിപിഎമ്മും മലപ്പുറത്തിനായി വലിയ വാശിപിടിക്കാറില്ല. പകരം നിരുപാധികം മുസ്ലിംലീഗിന് പിന്തുണ നല്‍കും. യുഡിഎഫിന്റെ ഭാഗമായതിനാല്‍ കോണ്‍ഗ്രസിന് ലീഗിനെ സഹായിച്ചേ പറ്റൂ. എന്നാല്‍ സിപിഎമ്മിനെ സമ്മര്‍ദത്തിലാക്കുന്നത് നേതാക്കളുടെ വ്യക്തിബന്ധങ്ങളാണ്. ലീഗ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് പിണറായി അടക്കമുള്ളവര്‍. അതിനാല്‍ മലപ്പുറം ലീഗിന് തീറെഴുതി നല്കുന്ന നടപടിയാണ് സിപിഎം സ്വീകരിക്കാറുള്ളത്.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പായിരുന്നു 2017ലെ മലപ്പുറം ഉപതെരഞ്ഞെടുപ്പ്. എതിര് സ്ഥാനാര്‍ഥി സിപിഎമ്മിലെ എം.ബി. ഫൈസലിനെ 1,71,023 വോട്ടിന് പിന്നിലാക്കിയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ജയം. എന്‍. ശ്രീപ്രകാശ് ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.
ലീഗില്‍ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഇത്തവണയും ജനവിധി തേടുന്നത്. അദ്ദേഹത്തെ പൊന്നാനിയിലേക്ക് മാറ്റി ഇ.ടി. മുഹമ്മദ് ബഷീറിനെ മലപ്പുറത്തെത്തിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥികളുടെ മണ്ഡലമാറ്റം വേണ്ടെന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ അന്തിമ തീരുമാനം.
2017ലെ വോട്ടുനില
പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിംലീഗ്) 5,15,330
എം.ബി. ഫൈസല്‍ (സിപിഎം) 3,44,307
അഡ്വ. എന്‍. ശ്രീപ്രകാശ് (ബിജെപി) 65,675
പ്രതികരിക്കാൻ ഇവിടെ എഴുതുക: