ന്യൂദല്‍ഹി: രാജ്യത്ത് വീണ്ടും ഭീകരാക്രമണം ഉണ്ടായാല്‍ തിരിച്ചടിക്കായി എല്ലാ മാര്‍ഗ്ഗവും ഉപയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനുള്ള ഊര്‍ജ്ജിത നടപടികള്‍ തുടരുകയാണെന്നും ഇന്ത്യന്‍ സുരക്ഷാ സേനകള്‍ നിര്‍ണ്ണായക നടപടികള്‍ക്ക് സജ്ജമാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
ഭീകരസംഘടനകള്‍ക്കെതിരെ ഇന്ത്യ നിലപാട് ശക്തമാക്കി മുന്നോട്ടു പോകുന്നതോടെ മസൂദ് അസറിനെ അറസ്റ്റ് ചെയ്ത് ഇന്ത്യയുടെ രോഷം തണുപ്പിക്കാനുള്ള ശ്രമം പാക്കിസ്ഥാന്‍ ആരംഭിച്ചിട്ടുണ്ട്. മസൂദ് അസര്‍ പാക്കിസ്ഥാനിലുണ്ടെന്നും ചികിത്സയിലാണെന്നും പാക് വിദേശകാര്യമന്ത്രി തന്നെ വെളിപ്പെടുത്തിയതിനാല്‍ അസറിനെതിരെ നടപടി എടുക്കാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്.
ഭീകരവാദം നിയന്ത്രിച്ചില്ലെങ്കില്‍ നടപടികള്‍ ശക്തമായി ഉണ്ടാകുമെന്ന് ഇന്ത്യ നേരത്തെ തന്നെ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും ബലാകോട്ട് നടത്തിയ വ്യോമാക്രമണം പാക്കിസ്ഥാനുള്ള മുന്നറിയിപ്പാണെന്നും കേന്ദ്രപ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.















