ബെംഗളൂരു : ഇന്ത്യ-പാക് പ്രശ്‌നം പുകയുന്നതിനിടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ പുകഴ്‌ത്തി അധ്യാപകന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതില്‍ പ്രതിഷേധിച്ച് അധ്യാപകനെ മുട്ടുകാലില്‍ നിര്‍ത്തി മാപ്പ് പറയിപ്പിച്ചു. കര്‍ണാടകയിലെ വിജയപുരയിലാണ് സംഭവം.
പ്രദേശത്തെ ഒരു എഞ്ചിനീയറിങ് കോളേജിലെ അധ്യാപകനെക്കൊണ്ടാണ് പ്രതിഷേധക്കാര്‍ മുട്ടില്‍ നിര്‍ത്തി കൈകൂപ്പി മാപ്പ് പറയിച്ചത്. ഫേസ് ബുക് പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതോടെ സംഘടിച്ചെത്തിയ നൂറ് കണക്കിന് ആള്‍ക്കാര്‍ അധ്യാപകനെ പിടിച്ചിറക്കി മുട്ടുകുത്തിച്ച് കൈകൂപ്പി മാപ്പ് പറയിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ലഭിച്ചത്. ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പുകഴ്‌ത്തുകയും ചെയ്യുന്ന കുറിപ്പാണ് അധ്യാപകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കുറിപ്പ് വൈറലായതോടെ രാജ്യത്തെ പലകോണുകളില്‍ നിന്നും വന്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
















