കൊല്‍ക്കത്ത: രാജ്യത്തെ ആദ്യ രാജധാനി എക്‌സ്പ്രസ്സിന് ഞായറാഴ്ച അമ്പത് വയസ്സ് തികഞ്ഞു. പൂക്കളാല്‍ അലങ്കരിച്ച രാജധാനി ഹൗറാ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടതോടെയാണ് അതിന്റെ സുവര്‍ണ്ണ ജൂബിലി ഓട്ടത്തിന് തുടക്കം കുറിച്ചത്.
1969 മാര്‍ച്ച് മൂന്നിന് ഹൗറയില്‍ നിന്ന് ഓടി തുടങ്ങിയ രാജധാനി രാജ്യത്തെ പൂര്‍ണമായി ശീതീകരിച്ചതും വേഗതയുള്ളതുമായ ആദ്യ തീവണ്ടിയാണെന്നും റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി. 17 മണിക്കൂര്‍ 20 മിനിറ്റ് കൊണ്ട് 1,450 കിലോമീറ്റര്‍ രാജധാനി താണ്ടും.
സുവര്‍ണജൂബിലി ഓട്ടം ഫ്‌ളാഗ് ഓഫ് ചെയ്തത് രാജധാനിയിലെ മുന്‍ സ്റ്റാഫുകളായ മൂന്ന് പേരാണ്. കേക്ക് മുറിക്കല്‍, ആശംസാ സ്റ്റാമ്പുകളുടെ റിലീസ് തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു ഫ്‌ളാഗ് ഓഫ്. യാത്രക്കാരെ മീന്‍ വറുത്തത്, വെജ് കട്ട്‌ലേറ്റ്, രസഗുള എന്നിവ നല്‍കിയാണ് ചടങ്ങില്‍ സല്‍ക്കരിച്ചത്.
















