ന്യൂദല്‍ഹി: എത്രയും വേഗം ജോലിയില്‍ തിരിക പ്രവേശിക്കണമെന്ന ആഗ്രഹം അറിയിച്ച് ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍. വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോടും ഡോക്ടര്‍മാരോടുമാണ് അദ്ദേഹം ആഗ്രഹം വ്യക്തമാക്കിയത്. പാക് പിടിയിലായിരുന്ന അഭിനന്ദനെ വെള്ളിയാഴ്ച രാത്രിയാണ് ഇന്ത്യയില്‍ തിരിച്ചെത്തിച്ചത്. ശത്രുരാജ്യത്തിന്റെ പിടിയിലായ സൈനികരെ തിരികെ പ്രവേശിപ്പിക്കുന്നതില്‍ നടപടിക്രമങ്ങളുണ്ട്. വിശദമായ ആരോഗ്യ പരിശോധനയ്‌ക്കും മൊഴിയെടുക്കലിനും വിധേയനാകേണ്ടി വരും. ഇത് പൂര്‍ത്തിയായാല്‍ അഭിനന്ദന്‍ കോക്പിറ്റിലേക്ക് മടങ്ങിയെത്തുമെന്ന് വ്യോമസേനാ അധികൃതര്‍ പറഞ്ഞു.
ദല്‍ഹി സൈനിക ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്റെ ചികിത്സയിലാണ് അഭിനന്ദന്‍. നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുമ്പോഴോ പാക് അധിനിവേശ കശ്മീരില്‍ ഇറങ്ങിയപ്പോള്‍ പ്രദേശവാസികള്‍ മര്‍ദിച്ചപ്പോഴോ സംഭവിച്ചതാകാമെന്നാണ് നിഗമനം. പാക് സൈന്യം ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചിട്ടില്ലെന്ന് അഭിനന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ മാനസികമായി പീഡിപ്പിച്ചു. പത്ത് ദിവസം കൂടി ചികിത്സ തുടരുമെന്നാണ് സൂചന. ശരീരത്തില്‍ രഹസ്യഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. അഭിനന്ദിനെ മാനസികമായി പീഡിപിച്ച സംഭവത്തില്‍ പാക്കിസ്ഥാനെ പ്രതിഷേധം അറിയിക്കാനും ഇന്ത്യ ആലോചിക്കുന്നുണ്ട്.
















