ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ സംഘര്‍ഷാവസ്ഥയില്‍ അയവില്ല. ഹന്ദ്‌വാരയില്‍ വെടിവെയ്‌പ്പില്‍ പരിക്കേറ്റ സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചു. ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ശനിയാഴ്ചയാണ് സൈനികന് വെടിയേറ്റത്. ഹന്ദ്‌വാരയില്‍ മൂന്ന് ദിവസമായി ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കുകയാണ്.
അതിര്‍ത്തിയില്‍ സുരക്ഷാ സേനയും ഭീകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ബങ്കറുകള്‍ നിര്‍മിക്കാന്‍ തീരുമാനം. പൂഞ്ച്, രജൗറി, എന്നിവിടങ്ങളിലായി 400 അധിക ബങ്കറുകള്‍ നിര്‍മിക്കാന്‍ തീരുമാനമായിരിക്കുന്നത്.
രജൗറി, പൂഞ്ച് ജില്ലകളില്‍ 200 വീതം സൈനിക ബങ്കറുകള്‍ നിര്‍മിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അടിയന്തിരമായി ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സിആര്‍പിഎഫുകാരും രണ്ട് പോലീസും ഉള്‍പ്പടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.
അതിര്‍ത്തി പ്രദേശങ്ങളില്‍ സൈന്യവും പോലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
അതിനിടെ സംസ്ഥാനത്തെ വിഘടനവാദി നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ ഭരണകൂടം പിന്‍വലിച്ചു. ജനങ്ങള്‍ക്കായി പ്രയോജനപ്പെടുത്താനാണ് ഇവ പിന്‍വലിച്ചതെന്നാണ് ഭരണകൂടം അറിയിച്ചത്. കൂടാതെ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി സംശയമുള്ള നിരവധി നേതാക്കളെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി വരികയാണ്.
















